റിയാദ്: ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനോ അന്താരാഷ്ട്ര ജലപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനോ ഉള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്ന് സൗദി അറേബ്യ. പാഫോസിൽ നടന്ന ‘മെഡ് 9’ ഉച്ചകോടിയിൽ അറബ് ലീഗ് അംഗരാജ്യങ്ങളുടെയും പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.
ലോകവ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്കൽ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിലൂടെയും ഗതാഗത-സംഭരണ ശൃംഖലകളുടെ പ്രതിരോധശേഷി ഉറപ്പാക്കുന്നതിലൂടെയും വിതരണ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി വഹിക്കുന്ന സുപ്രധാന പങ്കിനെ അദ്ദേഹം പ്രസംഗത്തിൽ അടിവരയിട്ടു.
നാവിഗേഷൻ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന അടിസ്ഥാന തത്വമാണെന്നും അത് വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കപ്പെടണമെന്നും അൽഖുറൈജി ഓർമിപ്പിച്ചു. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾക്കിടയിൽ കൂട്ടായ ഏകോപനം ആവശ്യമാണ്. രാസവളങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും നീക്കത്തെ ഇത്തരം തടസ്സങ്ങൾ ബാധിക്കുന്നത് ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു സാഹചര്യത്തിലും അത്യാവശ്യ വസ്തുക്കളുടെ വിതരണത്തെ സമർദത്തിലാക്കുന്ന രീതികളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിനുമുള്ള നിലപാടിൽ സൗദി അറേബ്യ ഉറച്ചുനിൽക്കുന്നതായി പൊതുനയതന്ത്ര വിഭാഗം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ റാഇദ് അൽഖർമലി വ്യക്തമാക്കി. സൗദിയുടേതെന്ന പേരിൽ അജ്ഞാത ഉറവിടങ്ങളിൽ നിന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.