സുഡാൻ വിഷയത്തിൽ ചേർന്ന ഉന്നതതല വെർച്വൽ യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പാരിസിൽ നിന്ന് പങ്കെടുത്തപ്പോൾ

സുഡാൻ ജനതയോട്​ ഐക്യദാർഢ്യം ആവർത്തിച്ച് സൗദി അറേബ്യ

റിയാദ്: ഖത്തർ, ഈജിപ്ത്, ജർമനി എന്നീ രാജ്യങ്ങൾക്കൊപ്പം സുഡാൻ വിഷയത്തിൽ ചേർന്ന ഉന്നതതല വെർച്വൽ യോഗത്തിൽ സുഡാനീസ് ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച് സൗദി അറേബ്യ. യോഗത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മാനുഷിക വെല്ലുവിളികളും കഠിനമായ സാഹചര്യങ്ങളും നേരിടുന്നതിന് അവിടുത്തെ ജനങ്ങളെ സഹായിക്കുന്ന നയം തുടരുമെന്ന് വ്യക്തമാക്കി.

ഉന്നതതല യോഗത്തിൽ രൂപപ്പെടുന്ന പ്രതിബദ്ധത സുഡാനീസ് ജനതയ്‌ക്കൊപ്പം നിൽക്കാനും പ്രതിസന്ധിക്ക് രാഷ്​ട്രീയ പരിഹാരം കണ്ടെത്താനും വിനിയോഗിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

സൗദി-അമേരിക്കൻ സംയുക്ത ശ്രമത്തിൽ സൈനിക കക്ഷികൾക്കിടയിൽ ചർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ജിദ്ദയിൽ തുടങ്ങിവെച്ച ചർച്ചകൾ സ്ഥിതിഗതികൾ വഷളാകാതെ നോക്കുന്നതിനും സുഡാൻ ജനതക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും വഴിയൊരുക്കിയത് അമീർ ഫൈസൽ യോഗത്തിൽ വിശദീകരിച്ചു. രണ്ട് തവണ നടപ്പായ വെടിനിർത്തൽ സിവിലിയൻ സംരക്ഷണത്തിന് സഹായകമായി.

പ്രതിസന്ധിയുടെ തുടക്കം മുതൽ സുഡാൻ ജനതയെ പിന്തുണയ്ക്കുന്നതിൽ രാജ്യം പിന്നോട്ട് പോയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ വഴി 100 ദശലക്ഷം ഡോളറി​െൻറ മാനുഷിക സഹായം പ്രഖ്യാപിക്കുകയും നൽകിവരികയും ചെയ്യുന്നതായി വ്യക്തമാക്കി. എയർ, സീ ബിഡ്ജ് പദ്ധതി പ്രകാരം 13 വിമാനങ്ങൾ, രണ്ട് കപ്പലുകൾ എന്നിവ വഴി ഭക്ഷണവും വസ്ത്രവും മരുന്നുകളും ഇതുവരെ സുഡാനിൽ എത്തിച്ചു.

സംഘർഷത്തി​െൻറ തുടക്കം മുതൽ, സുഡാനിൽ കുടുങ്ങിപ്പോയ സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ളവർക്കായി രാജ്യം സമുദ്ര, വ്യോമ മാർഗങ്ങളിലൂടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയതും മന്ത്രി ചൂണ്ടിക്കാട്ടി. 110 രാജ്യങ്ങളിൽ നിന്നുള്ള 8,455 പേരെ ഇപ്രകാരം ഒഴിപ്പിക്കാൻ സാധിച്ചു. സൗദിയിലെ സഹായ ഏജൻസികൾ, യു.എൻ സംഘടനകൾ, മാനുഷിക സഹായം നൽകുന്നതിൽ വൈദഗ്ധ്യമുള്ള മറ്റ് അന്താരാഷ്​ട്ര സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തെയും ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു.

സുഡാനിലെ മാനുഷിക പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുക, സാധാരണക്കാരെയും സഹായ പ്രവർത്തകരെയും സംരക്ഷിക്കുക, അവശ്യ സഹായങ്ങൾ എത്തിക്കുന്ന മാനുഷിക ഇടനാഴികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയിൽ യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ പിന്തുണ മന്ത്രി ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ, യു.എൻ മാനുഷിക കാര്യ ഓഫിസ് മേധാവികൾ, അഭയാർഥികൾക്കായുള്ള യു.എൻ ഹൈകമീഷണർ ഉൾപ്പെടെയുള്ളവർ വെർച്വൽ യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Saudi Arabia reiterates solidarity with the people of Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.