സൗദിയിൽ മുങ്ങിമരണങ്ങളുടെ നിരക്കിൽ 31 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയിൽ മുങ്ങിമരണ നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തി. 2021ൽ ദേശീയ മുങ്ങിമരണ പ്രതിരോധ നയം നടപ്പാക്കിയതിനുശേഷം 2023 അവസാനിക്കുന്നത് വരെയുള്ള കണക്കുകൾ പ്രകാരം മുങ്ങിമരണങ്ങളിൽ 31 ശതമാനത്തിെൻറ കുറവാണ് രാജ്യത്തുണ്ടായത്. കാര്യക്ഷമമായ ഈ പ്രതിരോധ നടപടികളിലൂടെ ഏകദേശം 1.33 ബില്യൺ റിയാലിെൻറ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും സാധിച്ചു.

ജീവൻ സംരക്ഷിക്കുന്നതിനും ജലസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിെൻറ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട്, സൗദി മന്ത്രിസഭയുടെ അംഗീകാരത്തോടെ എല്ലാ വർഷവും ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനമായി രാജ്യം ആചരിച്ചു വരികയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ സർക്കാർ ഏജൻസികളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശവും ഇതിലൂടെ ഊട്ടിയുറപ്പിക്കുന്നു.

പൊതുജനാരോഗ്യ അതോറിറ്റിയായ ‘വിഖായ’യുടെ നേതൃത്വത്തിലുള്ള സ്ഥിരം സംയുക്ത സമിതി മുഖേന, 13 സർക്കാർ ഏജൻസികളെ പങ്കാളികളാക്കിയാണ് രാജ്യത്ത് സമഗ്ര ദേശീയ പ്രതിരോധ സംവിധാനത്തിന് രൂപം നൽകിയിട്ടുള്ളത്. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളെയും വിഭാഗങ്ങളെയും കണ്ടെത്തി, കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഘട്ടങ്ങളായാണ് പ്രതിരോധ നടപടികൾ നടപ്പാക്കുന്നത്. 2026ൽ ജനീവയിൽ നടന്ന വേൾഡ് ഹെൽത്ത് അസംബ്ലി യോഗങ്ങളിൽ മുങ്ങിമരണ പ്രതിരോധ പ്രവർത്തനങ്ങളിലെ മാതൃകാപരമായ പ്രായോഗിക ഉദാഹരണമായി സൗദിയുടെ ഈ വിജയഗാഥ പൊതുജനാരോഗ്യ അതോറിറ്റി അവതരിപ്പിച്ചിരുന്നു.

കുട്ടികൾ വെള്ളത്തിൽ ഇറങ്ങുമ്പോഴും സമീപത്തുള്ളപ്പോഴും നിരന്തരം ശ്രദ്ധിക്കുക, നീന്തൽക്കുളങ്ങൾക്ക് ചുറ്റും മതിയായ സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കുക, അനുമതിയുള്ള നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം നീന്തുക, ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക, സമുദ്രവിനോദങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക എന്നിവ പാലിക്കണമെന്ന് പൊതുജനാരോഗ്യ അതോറിറ്റി അഭ്യർഥിച്ചു.

Tags:    
News Summary - Saudi Arabia, rate of drowning deaths,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.