വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങൾ
റിയാദ്: സൗദി അറേബ്യയിലെ ശുദ്ധജല ആവാസവ്യവസ്ഥയിൽ വംശനാശഭീഷണി നേരിടുന്ന അപൂർവ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായി ദേശീയ വന്യജീവി വികസന കേന്ദ്രം വിപുലമായ പദ്ധതിക്ക് തുടക്കമിട്ടു. രാജ്യത്തെ താഴ്വരകളിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനങ്ങളുടെ പ്രജനനവും അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ എത്തിക്കുന്നതും ലക്ഷ്യമിട്ടുള്ള ആദ്യത്തെ ദേശീയ പരിപാടിയാണിത്.
കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി (കൗസ്റ്റ്) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അറേബ്യൻ ബ്രീം, അറേബ്യൻ റെഡ് സ്നാപ്പർ എന്നീ രണ്ട് പ്രധാന മത്സ്യ ഇനങ്ങളെയാണ് ഈ ഘട്ടത്തിൽ പദ്ധതി ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനും പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’, ‘വിഷൻ 2030’ എന്നിവയുടെ ഭാഗമായാണ് ഈ നടപടി. പദ്ധതിയുടെ ഭാഗമായി വാദി ഖൈബറിലെ ചരിത്രപ്രസിദ്ധമായ അൽതമൂദ് അണക്കെട്ട്, വാദി അൽഗർസിലെ പ്രകൃതിദത്തമായ കുളം എന്നിവിടങ്ങളിൽ നിന്ന് അറേബ്യൻ ബ്രീമുകളെ ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ മത്സ്യങ്ങളുടെ നിലവിലുള്ള 21ഓളം പ്രധാന കേന്ദ്രങ്ങൾ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ദീർഘദൂരത്തേക്ക് ജീവനുള്ള മത്സ്യങ്ങളെ സുരക്ഷിതമായി എത്തിക്കുന്നതിലെ വെല്ലുവിളികൾ, കൃത്യമായ ജലപ്രവാഹവും താപനിലയും ഉറപ്പാക്കി കൊണ്ട് അധികൃതർ മറികടന്നു. ഈ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ത്വാഇഫ് ഗവർണറേറ്റിലെ അമീർ സഊദ് അൽഫൈസൽ സെൻററിൽ ശുദ്ധജല മത്സ്യങ്ങൾക്കായി പ്രത്യേകമായ ഒരു ദേശീയ ഹാച്ചറി (മത്സ്യ പ്രജനന കേന്ദ്രം) സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
വംശനാശഭീഷണി നേരിടുന്ന ഇനങ്ങളെ പ്രജനനം നടത്തി എണ്ണം വർധിപ്പിക്കാനും, തുടർന്ന് അവയെ അനുയോജ്യമായ ആവാസവ്യവസ്ഥകളിൽ പുനരവതരിപ്പിക്കാനും ഈ ഹാച്ചറി സഹായകമാകും. പുനരവതരിപ്പിക്കപ്പെടുന്ന മത്സ്യങ്ങളുടെ വളർച്ചയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്താൻ ദീർഘകാല നിരീക്ഷണ സംവിധാനവും കേന്ദ്രം ഏർപ്പെടുത്തും. രാജ്യത്തെ വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വന്യജീവി വികസന കേന്ദ്രം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.