ജിദ്ദയിൽ നിസ് അറേബ്യയും എൻ കംഫർട്ടും സംയുക്തമായി സംഘടിപ്പിച്ച 'നിസ് അറേബ്യ ധമാക്ക 2K26' ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ റീം അൽ ഉല എഫ്.സിക്കുള്ള ട്രോഫി വിതരണം ചെയ്തപ്പോൾ

'നിസ് അറേബ്യ ധമാക്ക 2K26' ഫുട്ബാൾ ടൂർണമെന്റിൽ റീം അൽഉല എഫ്.സി ചാമ്പ്യൻമാർ

ജിദ്ദ: ലോകകപ്പ് ഫുട്ബാൾ ആരവങ്ങൾക്കിടെ രണ്ട് ദിവസങ്ങളിലായി ജിദ്ദയിൽ നിസ് അറേബ്യയും എൻ കംഫർട്ടും സംയുക്തമായി സംഘടിപ്പിച്ച 'നിസ് അറേബ്യ ധമാക്ക 2K26' ഫുട്ബാൾ ടൂർണമെന്റിൽ റീം അൽഉല എഫ്.സി ചാമ്പ്യൻമാരായി. സൗദി സ്പോർട്സ് അതോറിറ്റിയുടെ അംഗീകാരത്തോടെ ജിദ്ദ അൽ മുശ്‌രിഫ്‌ ഡിസ്ട്രിക്റ്റിലെ ഒളിമ്പിക്സ് വില്ലേജ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ബാൻ ബേക്കറി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റീം അൽഉല എഫ്.സി ജേതാക്കളായത്.

ബാൻ ബേക്കറി എഫ്.സി, ബ്ലാക്ക് റൈഡ് എഫ്.സി, ചാംസ് എഫ്.സി, അറബ് ഡ്രീം എഫ്.സി, റീം അൽ ഉല എഫ്.സി, സെവൻ സ്റ്റാർ എഫ്.സി എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ലീഗ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ബാൻ ബേക്കറി എഫ്.സിയും റീം അൽ ഉല എഫ്.സിയും ഫൈനലിൽ പ്രവേശിച്ചു. ഇരുടീമുകളുടെയും നിരയിൽ ശ്രദ്ധേയ താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിന്റെ നിലവാരം ഉയർത്തി. സി.പി. സുഹൈർ, ദിൽഷാദ് അഹമ്മദ്, സുഹൈൽ, ആശിഖ് എന്നിവർ ഒരു വശത്തും, മുൻഷിദ്, അക്മൽ ഖാൻ, അൽമാസ് എന്നിവരടങ്ങിയ ശക്തമായ നിര മറുവശത്തും അണിനിരന്നപ്പോൾ ഫൈനൽ ഇഞ്ചോടിഞ്ച് പോരാട്ടമായി മാറി. ദമ്മാമിൽ നിന്നെത്തിയ പ്രഗത്ഭ താരങ്ങളുടെ സാന്നിധ്യവും മത്സരത്തിന് കൂടുതൽ മികവ് നൽകി.

ആവേശകരമായ ഫൈനലിൽ കളിയുടെ ആദ്യ പകുതിയിലാണ് നിർണായക ഗോൾ പിറന്നത്. റീം അൽ ഉല എഫ്.സിയുടെ സുഹൈൽ ഉതിർത്ത ലോങ് റേഞ്ച് ഷോട്ട്, ബാൻ ബേക്കറിയുടെ വിശ്വസ്ത ഗോൾകീപ്പർ ആശിഖിന് അവസരമൊന്നും നൽകാതെ വലയിലേക്കെത്തി. ആ ഏക ഗോൾ തന്നെ മത്സരത്തിന്റെ വിധി നിർണയിക്കുകയും ബാൻ ബേക്കറി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റീം അൽ ഉല എഫ്.സി കിരീടം സ്വന്തമാക്കുകയും ചെയ്തു. കളിയുടെ ഗതിക്കെതിരായി ലഭിച്ച പെനാൽറ്റി, ലീഡ് വർധിപ്പിക്കാൻ റീം എഫ്.സിക്ക് ലഭിച്ച ഒരു സുവർണാവസരമായിരുന്നു. എന്നാൽ ഇന്ത്യൻ താരം സുഹൈർ എടുത്ത പെനാൽറ്റി കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയത് ബാൻ ബേക്കറി എഫ്‌സിക്ക് വലിയ ആശ്വാസമായി മാറി.

ടൂർണമെന്റിൽ ചാമ്പ്യൻമാരായ റീം അൽ ഉല എഫ്.സിക്കുള്ള ട്രോഫി എൻ കംഫർട്ട് ചെയർമാൻ അബ്ദുല്ലത്തീഫ് കാപ്പുങ്ങൽ, നിസ് അറേബ്യ മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ, നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരൻ, മാസ്റ്റർ മുഹമ്മദ് യസീൻ ലത്തീഫ് എന്നിവർ ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ബാൻ ബേക്കറി എഫ്.സിക്കുള്ള ട്രോഫി റീഗൽ ഗ്രൂപ്പ് ചെയർമാൻ മുജീബ് റീഗളും നിസ് അറേബ്യ പ്രതിനിധികളും ചേർന്ന് കൈമാറി. ടൂർണമെന്റിലെ ടോപ് സ്‌കോററായ ബാൻ ബേക്കറി എഫ്‌.സി താരം ദിൽഷാദ് അഹമ്മദിനെ മികച്ച കളിക്കാരനും ആഷിക്കിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു.

ടൂർണമെന്റിനോടനുബന്ധിച്ച് 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരവും ശ്രദ്ധേയമായി. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ടീമും ടാലന്റ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ടീം ടാലന്റ് എഫ്.സിയെ പരാജയപ്പെടുത്തി.

ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ എൻ കംഫർട്ട് ഓപ്പറേഷൻ മാനേജർ സഹ്‌റാൻ സാലിഹ് അൽഗാംദി കിക്കോഫ് നിർവഹിച്ചു. ചടങ്ങിൽ എൻ കംഫർട്ട് ചെയർമാൻ അബ്ദുല്ലത്തീഫ് കാപ്പുങ്ങൽ, റീഗൽ ഗ്രൂപ്പ് ചെയർമാൻ മുജീബ് റീഗൽ, ജിദ്ദ നാഷനൽ ആശുപത്രി ഗ്രൂപ്പ് ചെയർമാൻ വി.പി മുഹമ്മദലി, സൗദി സ്പോർട്സ് അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മത്സരം വീക്ഷിക്കാനെത്തിയ ഫുട്ബാൾ പ്രേമികൾ

നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരനും മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ എന്നിവരോടൊപ്പം സംഘാടക സമിതി അംഗങ്ങളായ അയ്യൂബ് മുസലിയാരകത്ത്, നാസർ ശാന്തപുരം, ഷമീം അയ്യൂബ്, റംല, റാഫി ബീമാപ്പള്ളി, ജുനൈസ് യൂനുസ്, അബു കട്ടുപ്പാറ, നൗഷാദ് പാലക്കൽ, സത്താർ പരിയാരം, ഷഫീക്ക് പട്ടാമ്പി, സഹീർ പുത്തൻ, ജംഷി, ഇസ്ഹാഖ് കോട്ടപ്പുറം, ഇസ്ഹാഖ് പരപ്പനങ്ങാടി, മുഹ്സിൻ എൻ കംഫർട്ട്, ഉവൈസ്, റാഫി ആലുവ, മജീദ് ,അഷ്‌റഫ് ചുക്കൻ, സഫീർ കൊട്ടപ്പുറം, ശിഹാബ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. റാഫി ബീമാപ്പള്ളി, എൻജിനീയർ ജുനൈദ്, സ്നേഹ സാം എന്നിവർ അവതാരകരായിരുന്നു. ടൂർണമെന്റിന്റെ വീഡിയോ, സ്കോർബോർഡ്, ടെക്നിക്കൽ സംവിധാനങ്ങൾ മാസ്റ്റർ ഷയാൻ നൗഷാദ് കൈകാര്യം ചെയ്തു.

Tags:    
News Summary - Reem Al Ula FC are champions in the 'Niz Arabia Dhamaka 2K26' football tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.