വിവിധ രാജ്യങ്ങളിൽ സഹായ പദ്ധതികൾ നടപ്പാക്കുന്ന കെ.എസ് റിലീഫിെൻറ ക്യാമ്പുകൾ
റിയാദ്: ലോകമെമ്പാടുമുള്ള ദുരിതാശ്വാസ- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് സൗദി അറേബ്യ. ഇതുവരെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 145,00 കോടി അമേരിക്കൻ ഡോളറിലധികം സഹായമാണ് രാജ്യം എത്തിച്ചുനൽകിയത്. 175 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 8,997 പദ്ധതികളിലൂടെയാണ് ഈ വൻ തുക സൗദി ചെലവഴിച്ചത്. അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായ ആഗസ്റ്റ് 19െൻറ പശ്ചാത്തലത്തിൽ നടത്തിയ വിലയിരുത്തലിലാണ് സൗദിയുടെ ഈ നേട്ടം ആഗോളതലത്തിൽ ശ്രദ്ധനേടുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഫിനാൻഷ്യൽ ട്രാക്കിങ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട 2025-ലെ വിവരങ്ങളനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ മാനുഷിക സഹായങ്ങൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സൗദി, അയൽരാജ്യമായ യമന് ലഭിച്ച ആകെ മാനുഷിക സഹായത്തിെൻറ 49.3 ശതമാനവും നൽകി അവിടെയും മുന്നിൽ നിൽക്കുന്നു.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെൻററാണ് (കെ.എസ്. റിലീഫ്) സൗദിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 2015-ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രം, 113 രാജ്യങ്ങളിലായി 800 കോടി ഡോളറിലധികം ചെലവഴിച്ച് 4,425-ലധികം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ശുദ്ധജലം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കേന്ദ്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിയന്തര സഹായം ആവശ്യമുള്ള പ്രദേശങ്ങളിൽ വലിയ ഇടപെടലുകളാണ് സൗദി നടത്തുന്നത്.
യമനിൽ മാത്രം 478.5 കോടി ഡോളറിെൻറ 1,219 പദ്ധതികൾ നടപ്പാക്കി. ഇതിൽ 5.85 ലക്ഷത്തിലധികം ലാൻഡ്‌മൈനുകൾ നിർവീര്യമാക്കിയ ‘മസാം’ പദ്ധതിയും, സംഘർഷബാധിത പ്രദേശങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘കഫാക്’ പദ്ധതിയും എടുത്തുപറയേണ്ടവയാണ്. ഗസ്സയിൽ പ്രതിദിനം 24,000 ആളുകൾക്ക് ഭക്ഷണം നൽകുന്ന അടുക്കള പ്രവർത്തിപ്പിക്കുന്നതിനൊപ്പം 84 വിമാനങ്ങളും എട്ട് കപ്പലുകളുമായി 7,750 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കളും 20 ആംബുലൻസുകളും എത്തിച്ചു നൽകി.
കൂടാതെ, 90.35 ദശലക്ഷം ഡോളറിെൻറ വിവിധ കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, സിറിയ (584 ദശലക്ഷം ഡോളർ - 523 പദ്ധതികൾ), പാകിസ്ഥാൻ (228 ദശലക്ഷം ഡോളർ - 353 പദ്ധതികൾ), സുഡാൻ (192 ദശലക്ഷം ഡോളർ - 279 പദ്ധതികൾ), ലബനാൻ (92 ദശലക്ഷം ഡോളർ - 73 പദ്ധതികൾ) എന്നീ രാജ്യങ്ങളിലും സൗദിയുടെ സഹായ പദ്ധതികൾ സജീവമാണ്. വൈദ്യശാസ്ത്ര രംഗത്ത് സൗദി നൽകുന്ന സംഭാവനകൾ ആഗോളശ്രദ്ധ നേടിയവയാണ്. 1990-ൽ ആരംഭിച്ച സൗദി സയാമീസ് ട്വിൻസ് പ്രോഗ്രാമിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നുള്ള 158 സയാമീസ് ഇരട്ടകളുടെ കേസുകൾ പരിശോധിച്ച്, 72 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കുട്ടികളുടെയും കുടുംബത്തിെൻറയും ചികിത്സ, താമസ-യാത്രാ ചെലവുകൾ പൂർണമായും സൗദി ഭരണകൂടമാണ് വഹിക്കുന്നത്. കൂടാതെ, 59 രാജ്യങ്ങളിലായി 84,000-ത്തിലധികം സന്നദ്ധപ്രവർത്തകരെ അണിനിരത്തി 1,435 സന്നദ്ധ പരിപാടികളാണ് കിങ് സൽമാൻ റിലീഫ് കേന്ദ്രം സംഘടിപ്പിച്ചത്. ഇതിലൂടെ 28 ലക്ഷത്തിലധികം ആളുകൾക്ക് സഹായം ലഭിക്കുകയും സന്നദ്ധ മെഡിക്കൽ സംഘങ്ങൾ 2,70,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.
10.9 കോടിയിലധികം റിയാലിെൻറ പദ്ധതികൾ; 2.5 ലക്ഷത്തിലേറെ പേർക്ക് ആനുകൂല്യം
റിയാദ്: വിദേശ രാജ്യങ്ങളിൽ ദുരിതാശ്വാസ-സന്നദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) 15 രാജ്യങ്ങളിലായി 188 സഹായ പദ്ധതികൾ വിജയകരമായി നടപ്പാക്കി.
സൗദിക്ക് പുറത്തുള്ള പ്രാദേശിക ലാഭരഹിത സംഘടനകളെ പങ്കാളികളാക്കിയാണ് ഈ പദ്ധതികൾ പൂർത്തിയാക്കിയത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, 10.9 കോടി റിയാൽ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികളിലൂടെ 2,50,791 ആളുകൾക്ക് നേരിട്ട് സഹായം എത്തിക്കാൻ സാധിച്ചു. അന്താരാഷ്ട്ര തലത്തിൽ മാനുഷിക സഹായ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും പ്രാദേശിക സന്നദ്ധ സംഘടനകളുടെ കാര്യക്ഷമതയും പങ്കാളിത്തവും ഉറപ്പാക്കാനും ഈ നീക്കത്തിലൂടെ സെൻററിന് സാധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് നേരിട്ട് എത്തുവാൻ സന്നദ്ധ സംഘടനകളെ പ്രാപ്തരാക്കുക എന്നതും സൗദി അറേബ്യയുടെ ആഗോള മാനുഷിക നയങ്ങൾക്ക് അനുസൃതമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വീര്യം പകരുക എന്നതുമാണ് ഇതിലൂടെ കിങ് സൽമാൻ റിലീഫ് സെൻറർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.