റിയാദ്: സംസ്ഥാനത്തെ പ്രവാസി പെൻഷൻ വിതരണം മുടങ്ങിയതിനെതിരെ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി. ഒരു ലക്ഷത്തോളം വരുന്ന പ്രവാസി പെൻഷൻകാർക്ക് മൂന്നു മാസത്തെ പെൻഷൻ തുക പൂർണമായും കുടിശികയാക്കിയതോടെ ഇത്തവണത്തെ ഓണം പ്രവാസി കുടുംബങ്ങൾക്ക് പട്ടിണിയുടേതായി മാറിയെന്നും, നാടിെൻറ നട്ടെല്ലായ പ്രവാസികളെ പൂർണമായും വഞ്ചിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും സൗദി ഐ.എം.സി.സി ആരോപിച്ചു. പ്രവാസികളുടെ അവകാശങ്ങളോടും അവരുടെ ജീവിതത്തോടും ഇത്രയും വലിയൊരു ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. എൽ.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന കഴിഞ്ഞ 10 വർഷക്കാലം ഒരു മാസം പോലും മുടങ്ങാതെ കൃത്യമായി പെൻഷൻ എത്തുമായിരുന്നുവെന്നും ഐ.എം.സി.സി ചൂണ്ടിക്കാട്ടി.
അന്യനാടുകളിൽ അധ്വാനിച്ച് നാടിെൻറ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിച്ച പ്രവാസികൾ സ്വന്തം സമ്പാദ്യത്തിൽ നിന്ന് അംശദായം അടച്ചാണ് ക്ഷേമനിധിയിൽ അംഗങ്ങളായത്. അവർക്ക് മാസം തോറും ലഭിക്കേണ്ട 3,000 രൂപ മുതൽ 7,000 രൂപ വരെയുള്ള തുച്ഛമായ തുകയാണ് ഇപ്പോൾ തടഞ്ഞുവെച്ചിരിക്കുന്നത്. ഒരു മാസം പെൻഷൻ വിതരണത്തിനായി 35 കോടിയോളം രൂപ ആവശ്യമുള്ളപ്പോൾ, അധിക തുക അനുവദിച്ച് ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
യു.ഡി.എഫ് അധികാരത്തിൽ വന്ന് അവതരിപ്പിച്ച ആദ്യ ബജറ്റിൽ തന്നെ പ്രവാസി ക്ഷേമ ബോർഡിനെ പൂർണമായും അവഗണിക്കുകയാണുണ്ടായത്. സർക്കാരിെൻറ ഈ കടുത്ത അവഗണന മൂലം ക്ഷേമനിധി ബോർഡിെൻറ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുകയും പ്രവാസികൾക്കായി നടപ്പാക്കിവന്ന വിവിധ ക്ഷേമപദ്ധതികൾ ഒന്നടങ്കം നിലയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ഇതിനെതിരെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഭരണകൂടം കണ്ണുതുറക്കാൻ കൂട്ടാക്കുന്നില്ലെന്ന് സൗദി ഐ.എം.സി.സി പറഞ്ഞു. നാടിനെ പടുത്തുയർത്തിയ പ്രവാസികളോട് യു.ഡി.എഫ് സർക്കാർ കാട്ടുന്ന ഈ അനീതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പ്രവാസികളുടെ കണ്ണീരിന് മുന്നിൽ യു.ഡി.എഫ് ഭരണകൂടം മറുപടി പറയണമെന്നും ഉടനടി പ്രശ്നത്തിന് പരിഹാരം കാണണമെന്നും സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.