കേളി സിൽവർ വോളിബാൾ ജേതാക്കളായ അറബ്‌കോ ലോജസ്റ്റിക്സിന് ട്രോഫി സമ്മാനിച്ചപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കേളി സിൽവർ വോളിബാൾ 2026’ ചാമ്പ്യൻഷിപ്പിൽ അറബ്‌കോ ലോജസ്റ്റിക്സ് ജേതാക്കളായി. സുലൈ അറബ്‌കോ ഗ്രൗണ്ടിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ, ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ കീഴടക്കിയാണ് അറബ്‌കോ കിരീടം ചൂടിയത്.
ആദ്യ സെറ്റ് 25–20 എന്ന സ്കോറിന് സ്വന്തമാക്കി ജുബൈൽ മുന്നിലെത്തിയെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്ന അറബ്‌കോ തുടർന്നുള്ള മൂന്ന് സെറ്റുകളും (18–25, 23–25, 22–25) കൈക്കലാക്കി വിജയം ഉറപ്പിക്കുകയായിരുന്നു. നിർണായക നിമിഷങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്തതാണ് അറബ്‌കോയ്ക്ക് തുണയായത്.
ആദ്യ സെമിഫൈനലിൽ ശക്കർഘർ റിയാദിനെ പരാജയപ്പെടുത്തിയാണ് (25–23, 25–23, 16–25, 26–24) മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ ഫൈനലിൽ കടന്നത്. രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25–14, 25–11, 25–7) തകർത്താണ് അറബ്‌കോ ഫൈനൽ ടിക്കറ്റെടുത്തത്.
ടൂർണമെൻറിലെ മികച്ച താരമായി മംഗളൂർ ജുബൈലിെൻറ മിഗ്ദാദിനെ തെരഞ്ഞെടുത്തു. അറബ്‌കോയുടെ ഹസ്സൻ മികച്ച ബ്ലോക്കറായും ജുബൈലിെൻറ ഫയാസ് മികച്ച സ്പൈക്കറായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അറബ്‌കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയായും പുരസ്കാരങ്ങൾ നേടി. വോളി ഫ്രണ്ട്സ് റിയാദ് ഫെയർ പ്ലേ പുരസ്കാരത്തിന് അർഹരായി.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. എം.എ.ആർ പ്രോജക്ട് മാനേജിങ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്‌കോ) എന്നിവർ സംസാരിച്ചു.
ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള ഫലകങ്ങൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മാഈൽ കൊടിഞ്ഞി, സുബിൻ എന്നിവർ വിതരണം ചെയ്തു. ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ കൈമാറി. ഫെയർ പ്ലേ പുരസ്കാരം ബിജു തായമ്പത്ത് സമ്മാനിച്ചു.
സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ രജീഷ് പിണറായി, അനിരുദ്ധൻ, രാമകൃഷ്ണൻ, കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസ് മധു ബാലുശ്ശേരിയും ചാമ്പ്യൻഷിപ്പ് ട്രോഫി അൻവറും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.