സാറയെന്ന മറിയം

ജൂലൈ പതിനാല്. എല്ലാവർഷവും ആ ദിവസം രാവിലെ ഫാത്തിമ സാറയേക്കാൾ നേരത്തെ എഴുന്നേൽക്കും. അടുക്കളയിൽനിന്ന് ചായയുടെ മണം വരും. മേശപ്പുറത്ത് ചെറിയൊരു കേക്ക് ഉണ്ടാകും. വലിയ ആഘോഷങ്ങളൊന്നുമില്ല. ‘എന്തിനാ അമ്മേ, എല്ലാവർഷവും ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്?’ ഒരിക്കൽ സാറ ചോദിച്ചു. ഫാത്തിമ ചിരിച്ചു, ‘നീ പിറന്ന ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലല്ലോ.’

‘അതെന്തായിരുന്നു?’

‘സന്തോഷം കൊണ്ട്.’

അത് കേട്ടപ്പോൾ സാറയുടെ ഉള്ളം നിറഞ്ഞ് ആഹ്ലാദിച്ചു. പിന്നീട് പലവട്ടം അതേ ചോദ്യം ചോദിച്ചിട്ടും ഫാത്തിമയുടെ മറുപടി മാറിയില്ല. പക്ഷേ, അവൾ പിറന്ന ദിവസം തെൻറ ജീവിതം മാറിയെന്ന സത്യം മാത്രം ഫാത്തിമ സാറയോട് പറഞ്ഞില്ല. മാത്രമല്ല, അന്ന് മറ്റൊരാളുടെ ജീവിതവും തകർന്നിരുന്നു.

സാറയുടെ ഇരുപത്തിയേഴാം പിറന്നാളിെൻറ രാത്രി പതിനൊന്നേ അമ്പത്തിയെട്ടിന് ഫോൺ വിറച്ചു. അപരിചിതമായൊരു നമ്പർ ആയതുകൊണ്ട് കിടക്കയോട് ചേർന്നുള്ള ചെറിയ മേശയിൽ നിന്നും അവൾ ഫോൺ എടുത്തില്ല. വീണ്ടും ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ അവൾ കൈനീട്ടി എടുത്തു. അതിലൊരു വാട്‌സ്ആപ്പ് മെസേജ് മാത്രം: ‘Happy Birthday, Maryam’

സാറയുടെ കണ്ണുകൾ സ്‌ക്രീനിൽ നിശ്ചലമായി. ‘മറിയം’... ആ പേര് അവൾക്ക് അന്യമായിരുന്നില്ല. ബാല്യത്തിൽ ചില രാത്രികളിൽ ഉറക്കത്തിനിടയിൽ ആരോ തന്നെ ആ പേരിൽ വിളിച്ചുണർത്തിയതായി അവൾക്ക് ഓർമ്മയുണ്ട്. ഒരിക്കൽ അമ്മയോട് അതിനെക്കുറിച്ച് ചോദിച്ചിരുന്നു. ‘അമ്മേ, മറിയം ആരാ?’ അവൾക്കായി ഭക്ഷണമെടുത്തിരുന്ന ഫാത്തിമയുടെ കൈയ്യിലെ ചില്ലുപ്ലേറ്റ് താഴെ വീണു. ‘എന്താ?’ പൊട്ടിയ ചില്ലുകഷണങ്ങൾ പെറുക്കിക്കൊണ്ട് ഫാത്തിമ ചോദിച്ചു. ‘മറിയം ആരാ?’

‘നീ വല്ല സ്വപ്നവും കണ്ടതായിരിക്കും.’ താൽപര്യമില്ലാത്ത മട്ടിലായിരുന്നു ഫാത്തിമയുടെ മറുപടി. പക്ഷേ, സാറ വിടാൻ ഒരുക്കമായിരുന്നില്ല. ‘ആരാ മറിയം?’ ഇത്തവണ ശബ്ദം അൽപമൊന്നുയർന്നു. ഫാത്തിമ അവളെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ ചിരിച്ചു, ‘പറഞ്ഞില്ലേ, നിെൻറ സ്വപ്നത്തിലെ ആരെങ്കിലും.’

അന്ന് സാറ മനസ്സില്ലാ മനസ്സോടെ അത് വിശ്വസിച്ചു. പക്ഷേ, ഇന്നാണ് ആ പേര് അവൾ വീണ്ടും ഓർക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഓർത്തിരിക്കെ അതേ നമ്പറിൽ നിന്നും വീണ്ടും ഒരു മെസേജ് വന്നു: ‘നിനക്ക് നിന്നെക്കുറിച്ച് അറിയുന്നതെല്ലാം സത്യമല്ല.’ ഒപ്പം പഴയൊരു ഫോട്ടോയുമുണ്ടായിരുന്നു; മഴയിൽ നനഞ്ഞുനിൽക്കുന്ന ഫാത്തിമ. അവളുടെ ൈകയ്യിൽ ഒരു കുഞ്ഞ്. ആ കുഞ്ഞ് സാറ തന്നെയായിരുന്നു. ഫോട്ടോയിൽ പേനകൊണ്ട് എഴുതിയ, അധികം തെളിച്ചമില്ലാത്തൊരു വരിയിൽ അടയാളപ്പെടുത്തിയിരുന്നു. സാറ അത് വായിച്ചു: ‘കുഞ്ഞിനെ ഇവിടെനിന്ന് കൊണ്ടുപോകണം.’ സാറയുടെ കൈ വിറച്ചു. നെഞ്ചിലെന്തോ കനം തിങ്ങി. അവൾ ആദ്യം വിളിച്ചത് അഭിയെയാണ്. ആദ്യ റിങ്ങിൽത്തന്നെ അവൻ കോൾ അറ്റൻഡ് ചെയ്തു. ‘നീ ഇപ്പോൾ എവിടെയാണ്?’

‘വീട്ടിൽ.’

‘എനിക്ക് ഒന്നു കാണണം.’

‘ഈ പാതിരാത്രിയോ?’

‘വരാമോ?’

‘നോക്കട്ടെ…’ അവൻ എന്തോ തുടർന്നു പറഞ്ഞെങ്കിലും അതിനുമുമ്പ് അവൾ കോൾ കട്ടാക്കിയിരുന്നു. പതിവില്ലാത്ത അവളുടെ ശബ്ദത്തിലെ മാറ്റം മനസ്സിലായതുകൊണ്ട് അഭി വേഗം വീട്ടിൽനിന്നും ഇറങ്ങി. ബൈക്കുമായി സാറയുടെ അരികിലേക്ക് പുറപ്പെട്ടു. പതിനഞ്ച് മിനിറ്റുകൊണ്ട് അവളുടെ വീട്ടിലെത്തി. ബൈക്കിെൻറ ശബ്ദം കേട്ടിട്ടാവും അവൾ വാതിൽ തുറന്നു. ‘എന്തുപറ്റിയെടോ?’ അകത്തേക്ക് കയറുമ്പോൾ അവൻ ചോദിച്ചു. മറുപടിയായി സാറ ഫോൺ അവെൻറ കയ്യിൽ കൊടുത്തു. അവൻ ഫോട്ടോ നോക്കി.

‘ഇത്…?’

‘അമ്മയാണ്.’

‘അതേ…’

‘കുഞ്ഞ് ഞാനാണ്.’

‘മനസ്സിലായി. ഇതിനാണോ ഈ പാതിരാത്രി നീ എന്നെ വിളിച്ചുവരുത്തിയത്?’ അഭി ചിരിച്ചുകൊണ്ട് സോഫയിലേക്കിരുന്നു. ‘അഭീ, തമാശയല്ല. നീ അതിലെഴുതിയത് വായിച്ചോ?’ അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. അഭി കുറച്ചുനേരം മിണ്ടിയില്ല. ‘ആരാണ് ഇതിനുപിന്നിലെന്ന് അറിയണം,’ സാറയുടെ ശബ്ദം ഇടറി.

‘നമുക്ക് കണ്ടെത്താം.’

‘എനിക്കെന്തോ വല്ലാതെ പേടിയാവുന്നു.’

‘സാരമില്ല, ഞാനില്ലേ കൂടെ?’ അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

‘ഞാൻ കരുതി നീ വരില്ലെന്ന്…’

‘നീ വിളിച്ചിട്ട് ഞാൻ വരാതിരിക്കുമോ?’ അവൻ പറഞ്ഞത് കേട്ട അവൾ ചെറുതായി ചിരിച്ചു. അടുത്ത ദിവസം അവർ പഴയ ആശുപത്രിയിലെത്തി. വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന ബേസ്‌മെൻറിൽ പഴയ രേഖകൾക്കിടയിൽ ഒരു ഫയൽ കിട്ടി: 14.07.1999.

സാറ ഫയൽ തുറന്നു. Mother: Fatima Rahman.

അവളൊന്ന് നിശ്വസിച്ചു. Father: Unknown.

സാറയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പിന്നെയും വായിച്ചു. Emergency Admission: 12:35 AM, Female child. Transferred by: Fatima / Yusuf / Madhavan. അവൾ സംശയത്തോടെ തലയുയർത്തി സ്വയം ചോദിച്ചു, ‘ഇവരെല്ലാം ആരാണ്?!’

‘നിെൻറ കഥയിൽ ഉണ്ടായിരുന്നവർ.’

അവൾ തിരിഞ്ഞുനോക്കി. ഡോ. ഹരിദാസ്! അവിടത്തെ ഡ്യൂട്ടി ഡോക്ടർ. അദ്ദേഹം സാറയെ കുറച്ചുനേരം നോക്കിനിന്നു. ‘ഫാത്തിമയുടെ മകളാണല്ലോ?’

‘അതേ, ഫാത്തിമയുടെ മകൾ തന്നെയാണ്.’

‘പക്ഷേ, അവൾ നിന്നെ പ്രസവിച്ചിട്ടില്ല.’

പെട്ടെന്ന് സാറയുടെ മുഖം മാറി. ‘അപ്പോൾ?’ കരയുന്നതുപോലെയായിരുന്നു അവളുടെ ശബ്ദം. ‘വരൂ.’ ഡോക്ടർക്കു പിന്നാലെ അവളും നടന്നു. തെൻറ ഓഫീസിലെത്തിയപ്പോൾ അതിനുള്ളിലെ അലമാരയിൽനിന്നും ഡോക്ടർ ഒരു പഴയ ഫോട്ടോ എടുത്തു. ഒരു യുവതി... വേദനനിറഞ്ഞ കണ്ണുകൾ.

‘ഇവളാണ് നിനക്ക് ജന്മം തന്നവൾ, നൂറ.’

‘അവർ എവിടെയാണ്?’ സാറ ആകാംക്ഷയോടെ ചോദിച്ചു.

ഡോക്ടർ തെൻറ മേശയിൽ കുറച്ചുനേരം പരതി. പിന്നെ പഴയൊരു ഫയലിൽനിന്നും ഒരു വിലാസമെടുത്ത് സാറക്ക് കൊടുത്തു.

‘ഇരുപത്തിയേഴ് വർഷം മുമ്പ് നിന്നെ ഏൽപ്പിച്ച സ്ത്രീയെ നീ ഒടുവിൽ കാണേണ്ട സമയമായിരിക്കുന്നു.’

സാറ അവിടെനിന്നും ഇറങ്ങിനടന്നു. നൂറയെ കണ്ടപ്പോൾ സാറക്ക് തെൻറ പ്രതിബിംബംപോലെയാണ് തോന്നിയത്. കവിളിൽ ചെറിയൊരു ചുളിവ്. പക്ഷേ, ഫാത്തിമയിൽ ഉണ്ടായിരുന്ന ഉറപ്പിന് പകരം നൂറയുടെ മുഖത്ത് ഒരു ജീവിതം മുഴുവൻ ക്ഷമ ചോദിച്ചുനിന്നതുപോലുള്ള ഒരു ഭാവമായിരുന്നു.

‘മറിയം…’ നൂറ പതിയെ വിളിച്ചു.

‘എെൻറ പേര് സാറ എന്നാണ്.’ നൂറ ചിരിക്കാൻ ശ്രമിച്ചു, ‘അറിയാം.’

സാറ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല. ‘നീ എന്നെ വെറുക്കുന്നുണ്ടോ?’ നൂറ അവളുടെ കൈയ്യിൽ പിടിച്ചു. ‘എനിക്ക് നിങ്ങളെ അറിയില്ല.’ സാറ നൂറയുടെ കൈ തട്ടിമാറ്റി. അപ്രതീക്ഷിതമായ ആ പ്രതികരണം നൂറയെ കൂടുതൽ വേദനിപ്പിച്ചു. അവൾ കസേരയിൽ ഇരുന്നു, ‘ഇതാണ് എെൻറ ശിക്ഷ.’

‘എന്തിന് എന്നെ ഉപേക്ഷിച്ചു?’

‘ഉപേക്ഷിച്ചതല്ല.’

‘പിന്നെ?’

‘നിന്നെ രക്ഷിക്കാൻ നിന്നിൽനിന്ന് അകന്നതാണ്.’

‘ആരിൽനിന്ന്?’

നൂറ ജനലിലൂടെ പുറത്തേക്ക് നോക്കി, ‘മനുഷ്യരിൽനിന്ന്.’ അവൾ പഴയൊരു കത്തെടുത്തു, ‘ഇത് ഫാത്തിമ എഴുതിയതാണ്.’

സാറ കത്തുതുറന്നു:

‘മറിയം, നിന്നെ ഞാൻ പ്രസവിച്ചിട്ടില്ല. പക്ഷേ, നിന്നെ നഷ്ടപ്പെടുമെന്ന ഭയം എനിക്കുണ്ടായിരുന്ന ഓരോ രാത്രിയും ഞാൻ നിന്നെ പ്രസവിച്ച അമ്മയേക്കാൾ കൂടുതൽ കരഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞിനെ വളർത്താൻ രക്തബന്ധം മാത്രം പോരെന്നു നീ ഒരിക്കൽ മനസ്സിലാക്കും. അന്ന് എന്നെ ഓർക്കണം.

അമ്മ’

കത്ത് വായിച്ചുതീർന്നപ്പോൾ സാറയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ നൂറയെ നോക്കി, ‘അവർക്ക് എന്നെക്കുറിച്ച് എല്ലാം അറിയാമായിരുന്നോ?’ നൂറ തലയാട്ടി. ‘എന്നിട്ടും എന്നോട് ഒന്നും പറഞ്ഞില്ല.’

‘നിന്നെ നഷ്ടപ്പെടുമെന്നായിരുന്നു അവളുടെ പേടി.’

‘എന്നെ ആരാണ് ഇല്ലാതാക്കാൻ ശ്രമിച്ചത്?’

മറുപടിയായി നൂറ പഴയ ഡയറി തുറന്നു. അതിൽ തെരഞ്ഞെടുപ്പ് കാലത്തെ കുറിപ്പുകൾ, മതത്തിെൻറ പേരിൽ നടന്ന ചെറിയ കലാപങ്ങൾ, പണത്തിെൻറ കണക്കുകൾ, ചില രാഷ്ട്രീയക്കാരുടെ പേരുകൾ... അതിനിടയിൽ ഒരുവരി: ‘മനുഷ്യരെ തമ്മിൽ പിരിക്കാൻ ഏറ്റവും എളുപ്പമുള്ള വാതിലാണ് മതവിദ്വേഷം.’

‘ഇതെല്ലാം എന്തിനാണ്?’ സാറ കിതച്ചുകൊണ്ട് ചോദിച്ചു. നൂറ അവളെ ആർദ്രമായി നോക്കി, ‘അന്ന് ചിലർ മനുഷ്യരുടെ ഭയം രാഷ്ട്രീയത്തിനായി ഉപയോഗിച്ചു.’

‘ഇപ്പോൾ?’

‘ഇപ്പോൾ അതേ കാര്യം മൊബൈൽ ഫോണിലൂടെയാണ്.’ അവളുടെ ഫോണിൽ അപ്പോൾ ഒരു വീഡിയോ വന്നു. സാറയുടെ മുഖം... അവളുടെ ശബ്ദം... പക്ഷേ, അവൾ ഒരിക്കലും പറയാത്ത വാക്കുകൾ! അശ്ലീലമായൊരു വീഡിയോ. സാറയുടെ കൈ തണുത്തു, ‘ഞാൻ ഇത് ചെയ്തിട്ടില്ല.’

നൂറ പറഞ്ഞു, ‘അറിയാം. പക്ഷേ, ആളുകൾ വിശ്വസിക്കും.’

അപ്പോൾ അഭി ഫോൺ അവളുടെ കൈയ്യിൽനിന്ന് വാങ്ങി, ‘ഇത് ഡീപ്ഫേക്ക് ആണ്.’

സാറയും നൂറയും അവനെ നോക്കി. ‘നിെൻറ മുഖം ഉപയോഗിച്ച് കള്ളം പറയാം.’

‘അപ്പോൾ ഇനി എെൻറ മുഖം ഞാൻതന്നെ ഉപയോഗിക്കണം.’ അവൾ ഫോൺ അവനോട് വാങ്ങി, തെൻറ ഇൻസ്റ്റാ പ്രൊഫൈൽ തുറന്ന് ലൈവ് തുടങ്ങി. സ്‌ക്രിപ്റ്റില്ലാതെ, എഡിറ്റിങ്ങില്ലാതെ സാറ കാമറയിലേക്ക് നോക്കി: ‘ഈ വീഡിയോയിൽ കാണുന്ന മുഖം എേൻറതാണ്. പക്ഷേ, ഞാൻ പറഞ്ഞിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ് അതിലുള്ളത്.’ അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു. ‘നിങ്ങൾ എന്നെ വിശ്വസിക്കേണ്ട, പക്ഷേ പരിശോധിക്കണം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാളെക്കുറിച്ചാണെന്നതിനാൽ മാത്രം ഒരു വാർത്ത സത്യമാകില്ല. നിങ്ങൾക്ക് വെറുപ്പുള്ള ഒരാളെക്കുറിച്ചാണെന്നതിനാൽ മാത്രം അത് കള്ളവുമാകില്ല.’

അവൾ ചിരിച്ചു, ‘നമ്മൾ ഇപ്പോൾ ജീവിക്കുന്നത് അങ്ങനെയൊരു കാലത്താണ്.’ അത്രയും പറഞ്ഞ് ലൈവ് അവസാനിപ്പിച്ചു. അത് കഴിഞ്ഞ് സാറയ്ക്ക് ആയിരക്കണക്കിന് മെസേജുകൾ വന്നു. പിന്തുണ, വിമർശനം, പരിഹാസം, വെറുപ്പ്, സ്നേഹം… അവൾ ഒന്നുപോലും വായിച്ചില്ല. അവൾ അപ്പോൾ മനസ്സിലാക്കുകയായിരുന്നു, തെൻറ മുഖംപോലും ഇനി തേൻറതായി മാത്രം അവശേഷിക്കുന്നില്ലെന്ന്. അന്നുരാത്രി നൂറ ഒരു വിലാസം കൊടുത്തു.

‘നീ ഇയാളെ കാണണം.’

‘ആരെ?’

‘യൂസഫ്.’

സാറയുടെ ഹൃദയമിടിപ്പേറി, ‘അവൻ…’

‘നിെൻറ ജീവിതത്തിലെ ഏറ്റവും വലിയ കള്ളത്തിെൻറ കാവൽക്കാരനായിരുന്നു.’

‘എെൻറ അച്ഛനോ?’

‘അത് നീ അവനോടുതന്നെ ചോദിക്കണം.’

യൂസഫിനെ കണ്ടപ്പോൾ സാറക്ക് ഒന്നും ചോദിക്കാനായില്ല. അവൾ വെറുതെ നോക്കിനിന്നു. യൂസഫിെൻറ കണ്ണുകൾ നിറഞ്ഞു.

‘മോളേ…’

അവൾ ഓടിച്ചെന്ന് അയാളുടെ നെഞ്ചിൽ മുഖം ചേർത്തു.

‘നിങ്ങൾ എന്നെ എന്തിനാണ് ഒളിപ്പിച്ചത്?’

‘നിന്നെ രക്ഷിക്കാൻ.’

‘എല്ലാവരും അതുതന്നെയാണ് പറയുന്നത്.’

‘കാരണം എല്ലാവരും കുറ്റക്കാരാണ്.’

‘എന്തിെൻറ?’

യൂസഫ് ഒരു പഴയ ഹാർഡ് ഡ്രൈവ് പുറത്തെടുത്തു.

‘ഒരുകാലത്ത് മനുഷ്യരുടെ സ്വഭാവവും ഭയവും പഠിക്കാൻ ചിലർ ഡാറ്റ ശേഖരിച്ചു. പിന്നീട് അതിനെ രാഷ്ട്രീയക്കാർ ഉപയോഗിച്ചു. മതത്തിെൻറ പേരിൽ, ജാതിയുടെ പേരിൽ, വോട്ടിെൻറ പേരിൽ.’

‘ഞാനുമായി ഇതിനെല്ലാം എന്താണ് ബന്ധം?’ സാറ അക്ഷമയായി.

‘നീ അതിെൻറ ആദ്യത്തെ പരാജയമായിരുന്നു.’

‘എങ്ങനെ?’

‘നിന്നെ ഒരു തിരിച്ചറിയലിൽ ഒതുക്കാൻ അവർ ശ്രമിച്ചു. പക്ഷേ, ഫാത്തിമ നിന്നെ അങ്ങനെ വളർത്തിയില്ല. അവിടെ മതം ഒരിക്കലും മതിൽ ആയിരുന്നില്ല.’

സാറയുടെ കണ്ണുകൾ നിറഞ്ഞു, ‘അമ്മ…’ യൂസഫ് പതിയെ തുടർന്നു, ‘നിന്നെ രക്ഷിക്കാൻ ഫാത്തിമ തെൻറ ജീവിതം മുഴുവൻ കള്ളം പറഞ്ഞു.’

സാറയുടെ മിഴികൾ നിറഞ്ഞൊഴുകി. കാറിൽ മടങ്ങുമ്പോൾ ആരും അധികം സംസാരിച്ചില്ല. പിന്നിലെ സീറ്റിൽ യൂസഫ്, മുന്നിൽ സാറയും അഭിയും.

കുറച്ചുനേരം കഴിഞ്ഞ് അഭി ചോദിച്ചു, ‘ഇനി എന്താണ്?’ സാറ ജനലിലൂടെ പുറത്തേക്ക് നോക്കി, ‘അറിയില്ല.’

‘പേടിയുണ്ടോ?’

‘ഉണ്ട്.’ അവൾ അവനെ നോക്കി, ‘ഇത്രയും ദൂരം വന്നിട്ട് കാണാതെ തിരിച്ചുപോകാൻ പറ്റുമോ?’ അഭി ചിരിച്ചു, ‘അതില്ല.’

‘അപ്പോൾ?’ സാറ അവെൻറ കയ്യിൽ മുറുകെപ്പിടിച്ചു.

മാസങ്ങൾക്കുശേഷം ഫാത്തിമയുടെ പേരിൽ ഒരു ചെറിയ വായനശാല തുറന്നു. ഒരു ചെറിയ പെൺകുട്ടി സാറയുടെ അടുത്തെത്തി.

‘ചേച്ചീ…’

‘എന്താ?’

‘ഇവിടെ പുസ്തകം എടുക്കാൻ മതം പറയണോ?’

‘വേണ്ട.’

‘ജാതിയോ?’

‘വേണ്ട.’

‘രാഷ്ട്രീയമോ?’

‘അതും വേണ്ട.’

കുട്ടി കുറച്ചുനേരം ആലോചിച്ചു, ‘പിന്നെ?’ സാറ അവളുടെ തലയിൽ കൈവച്ചു, ‘ഇതൊന്നുമില്ലാത്ത മനുഷ്യനായാൽ മതി.’ അവൾ ഓടിച്ചെന്ന് പുസ്തകമെടുത്തു. അതിെൻറ പുറംചട്ടയിൽ ഗുരുവിെൻറ ചിത്രമുണ്ടായിരുന്നു.

Tags:    
News Summary - story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-19 04:58 GMT
access_time 2026-08-10 02:12 GMT
access_time 2026-08-10 02:08 GMT
access_time 2026-08-09 03:25 GMT