അറബ് ലോകത്ത് ഒട്ടകങ്ങളുടെ എണ്ണത്തിൽ സൗദി ഒന്നാമത്

യാംബു: സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകത്തി​ന്റെ അടയാളമായ ഒട്ടകങ്ങൾ രാജ്യത്തി​ന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ട്. നിലവിൽ 21 ലക്ഷത്തിലധികം ഒട്ടകങ്ങളാണ് സൗദിയിലുള്ളത്. ഇതോടെ അറബ് രാജ്യങ്ങളിൽ ഒട്ടകങ്ങളുടെ എണ്ണത്തിൽ സൗദി അറേബ്യ ഒന്നാംസ്ഥാനത്തെത്തി.

സാംസ്കാരിക മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ അവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഒട്ടക മേഖലയുമായി ബന്ധപ്പെട്ട്​ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ലഭിക്കുന്നത്​ പ്രതിവർഷം 5,000 കോടി റിയാലി​ന്റെ വരുമാനം. രാജ്യത്തുള്ള മൊത്തം 21 ലക്ഷത്തിലധികം ഒട്ടകങ്ങളിൽ 18 ലക്ഷം 80,000 സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണുള്ളത്.

ലോകത്ത് ഒട്ടകങ്ങളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് സൗദി. ആഫ്രിക്കൻ രാജ്യമായ ഛാഡ് ആണ് ഒന്നാമത്. ഒട്ടകവുമായി ബന്ധപ്പെട്ട ഗവേഷണം, പ്രജനനം, ഉൽപാദനം എന്നിവക്കായി രാജ്യം നൂറ്​ കോടി റിയാൽ നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് കന്നുകാലികളെ അപേക്ഷിച്ച് ഒട്ടകങ്ങൾക്കാണ് സൗദിയിൽ മുൻഗണനയുള്ളത്. മരുഭൂമിയിലെ അതിജീവനത്തി​ന്റെ പ്രതീകമായ ഒട്ടകങ്ങളെ പുതിയ തലമുറക്ക്​ പരിചയപ്പെടുത്തുന്നതിനായി സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ലക്ഷ്യമിട്ട് ഒട്ടക ഉത്സവങ്ങൾ, സൗന്ദര്യ മത്സരങ്ങൾ, ഒട്ടക ഓട്ടമത്സരം എന്നിവയും രാജ്യം സംഘടിപ്പിച്ചുവരുന്നു. ഒട്ടക സംസ്കാരത്തിന് ആഗോളതലത്തിൽ അംഗീകാരം നേടിക്കൊടുക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയിലും ഇവയുടെ പങ്ക് വർധിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. അറബ് ജനതയുടെ സ്വത്വവുമായി ഇഴചേർന്നുനിൽക്കുന്ന ഒട്ടകങ്ങളെ സംരക്ഷിക്കുന്നതിലൂടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുക മാത്രമല്ല, വിഷൻ 2030-​ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണത്തിന് വലിയ പിന്തുണ നൽകുക കൂടിയാണ് രാജ്യം ചെയ്യുന്നത്.

Tags:    
News Summary - Saudi Arabia has the highest number of camels in the Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.