ജിദ്ദ: സൗദിയിൽ സംസ്കാരിക, കായിക, വിനോദ പരിപാടികൾക്കായി ഒരു സ്ഥിരം നി​ക്ഷേപ നിധി​ ആരംഭിച്ചു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ ‘ഇവൻറ്​സ്​ ഇൻവെസ്​റ്റ്​മെൻറ് ഫണ്ട്’​ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്​. സാംസ്‌കാരികം, വിനോദ സഞ്ചാരം, വിനോദം, കായികം എന്നീ നാല് മേഖലകളെ ശാക്തീകരിക്കും വിധം സുസ്ഥിര അടിസ്ഥാന സൗകര്യ വികസനമാണ്​ ലക്ഷ്യം​. ഈ രംഗങ്ങളിൽ സ്വകാര്യ മേഖലയുടെ പരമാവധി പങ്കാളിത്തം കെട്ടിപ്പടുക്കുക, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുക, സമ്പന്നമായ സമ്പദ്‌വ്യവസ്ഥയും ഊർജ്ജസ്വലമായ സമൂഹവും കെട്ടിപ്പടുക്കുന്ന​തിന്​ ‘വിഷൻ 2030’ ലക്ഷ്യപ്രാപ്​തിക്കായി ആവശ്യമായ വിഭവസമാഹരണം തുടങ്ങിയവയാണ്​ ഫണ്ടി​​െൻറ വിശാല ലക്ഷ്യങ്ങൾ.

2030ഓടെ രാജ്യത്തുടനീളം 35 ലധികം കൃത്യമായ സ്ഥലങ്ങൾ നിർണയിച്ച്​ വിനോദം, വിനോദസഞ്ചാരം, സാംസ്കാരികം, കായികം എന്നിവയുടെ ആവശ്യത്തിനായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിലാണ്​ ഫണ്ട്​ പ്രധാനമായും ​ശ്രദ്ധ കേന്ദ്രീകരിക്കുക. ഏറ്റവും ഉയർന്ന അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെയാണ്​ ഇത്​ നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ ഈ മേഖലകളെ വിവിധ പ്രവർത്തനങ്ങൾക്കും ഇവൻറുകൾക്കുമുള്ള ആഗോള കേന്ദ്രമാക്കാനും അതിലൂടെ രാജ്യത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്താനും കഴിയുമെന്നും ഫണ്ട് പ്രതീക്ഷിക്കുന്നു.

​ദേശീയ അഭിലാഷങ്ങൾ നിറവേറ്റുന്ന വിശിഷ്​ട പരിപാടി അവതരിപ്പിക്കാൻ ഇത്​ അവസരം നൽകും. സുസ്ഥിരമായ സാമ്പത്തിക വരുമാനം കൈവരിക്കുന്നതിന് സംഭാവന ചെയ്യും. എണ്ണയിതര വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും വിനോദസഞ്ചാര മേഖല ജി.ഡി.പിയിലേക്ക്​ നൽകുന്ന സാമ്പത്തിക സംഭാവന മൂന്ന്​ ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുകയും 2030 ഓടെ 10 കോടി സന്ദർശകരെ രാജ്യത്തേക്ക്​ ആകർഷിക്കുന്നതിനും ഇതിലൂടെ സാധിക്കും​​.

ആർട്ട് ഗാലറികൾ, തിയേറ്ററുകൾ, കോൺഫറൻസ് സെൻററുകൾ, കുതിരപ്പന്തയ ട്രാക്കുകൾ, ഷൂട്ടിങ്​ റേഞ്ചുകൾ, ഓട്ടോ റേസിങ്​ എന്നിവ നിർമിക്കൽ ഈ പദ്ധതികളിൽ ഉൾപ്പെടും. ആദ്യ പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. അന്താരാഷ്​ട്ര കമ്പനികൾക്കും ബാങ്കുകൾക്കുമായി നേരിട്ടുള്ള നിക്ഷേപ അവസരങ്ങൾ സൃഷ്​ടിക്കും. 2045ഓടെ 2,800 കോടി റിയാലിന് തുല്യമായ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് സംഭാവന ചെയ്യുന്നതിലും ഫണ്ട്​ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തി​ന്‍റെയും ബിസിനസി​ന്‍റെയും ചക്രവാളങ്ങൾ തുറക്കാനും മെച്ചപ്പെടുത്തുന്നതിനും സഹായകമായ അന്തരീക്ഷം സാധ്യമാക്കും. പൗരന്മാർക്ക് തൊഴിലവസരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.

Tags:    
News Summary - Saudi Arabia has started an investment fund for 'Events'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.