റിയാദിൽ രണ്ടാമത് ആഗോള തൊഴിൽ വിപണി സമ്മേളനത്തിൽ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി സംസാരിക്കുന്നു
റിയാദ്: തൊഴിൽ വിപണിയിൽ സൗദി അറേബ്യ വലിയ പുരോഗതി കൈവരിച്ചതായും ‘വിഷൻ 2030’ സമഗ്രവികസന പദ്ധതിയാണ് ഇതിന് സഹായിച്ചതെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള സുസ്ഥിരത കൈവരിക്കുന്നതിന് വിഷൻ സഹായിച്ചു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യുവജന വികസനത്തിനുള്ള ദേശീയ പദ്ധതി ഈ വർഷം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. റിയാദിൽ ‘ഗ്ലോബൽ ലേബർ മാർക്കറ്റ്’ സമ്മേളനത്തിലെ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കൾക്കിടയിൽ നേതൃപാടവവും നൂതന കഴിവുകളും വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ ഈ തന്ത്രത്തിൽ ഉൾപ്പെടുന്നു. സ്വയംതൊഴിൽ വളരുന്ന തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഈ വർഷം സ്വയം തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. ഈ അന്താരാഷ്ട്ര സമ്മേളനം ലോക രാജ്യങ്ങൾ തമ്മിലെ സംവാദത്തിനുള്ള ഒരു വേദിയാണ്. ലോകമെമ്പാടും സ്വീകരിക്കാനും വിപുലീകരിക്കാനും കഴിയുന്ന തന്ത്രങ്ങളും നയങ്ങളും വികസിപ്പിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്താനുള്ള ഇടവുമാകും. ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെയും യുവതികളെയും സംബന്ധിച്ച വ്യക്തമായ ശ്രദ്ധയുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ ശക്തിയെ മെച്ചപ്പെടുത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി സൗദി മികച്ച നടപടികൾ സ്വീകരിച്ചുവരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 1.2 കോടി കവിഞ്ഞു. 2024ൽ സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം 24 ലക്ഷം ആയെന്നും മന്ത്രി സൂചിപ്പിച്ചു. പരിശീലനത്തിെൻറയും മറ്റ് പ്രോഗ്രാമുകളുടെയും പിന്തുണയോടെ ആണ് ഈ വികസനം. 2024 ഒടുവിൽ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമായി കുറച്ചു. 2020നെ അപേക്ഷിച്ച് ഇത് ശ്രദ്ധേയമായ ഒരു സംഭവവികാസമാണ്. അന്ന് 5.7 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം 36 ശതമാനമായി വർധിച്ചു. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ ആറ് വർഷത്തിനിപ്പുറം തന്നെ പൂർത്തിയായി എന്നതിെൻറ തെളിവാണ് ഇത്.
‘തൊഴിലിെൻറ ഭാവി’ എന്ന തലക്കെട്ടിൽ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ ആരംഭിച്ച രണ്ടാമത് ആഗോള തൊഴിൽ വിപണി സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40 തൊഴിൽ മന്ത്രിമാർ പെങ്കടുക്കുന്നു. ജി20, യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാരാണ് പങ്കെടുക്കുന്നത്. കൂടാതെ ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷെൻറ ഡയറക്ടർ ജനറൽ ഗിൽബർട്ട് ഹോങ്‌ബോയുടെയും ആഗോള വിദഗ്ധരുടെയും നേതാക്കളുടെയും പങ്കാളിത്തവുമുണ്ട്. 100ലധികം രാജ്യങ്ങളിൽനിന്നുള്ള തൊഴിൽ നയ നിർമാതാക്കളും വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും ഉൾപ്പെടുന്ന 5000ലധികം പങ്കാളികളും 200 പ്രഭാഷകരും സമ്മേളനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.