സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഹുറൂബ് പദവി ശരിയാക്കാൻ ആറ് മാസം ഗ്രേസ് പിരീഡ്

ജിദ്ദ: രാജ്യത്ത് ഹുറൂബ് (തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയവർ) കേസിലുള്ള ഹൗസ്​ ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് അവരുടെ നിയമപരമായ പദവി ശരിയാക്കാൻ അവസരം നൽകി സൗദി സർക്കാർ. ഇത്തരം കേസുകളിൽ കുടുങ്ങി കിടക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറി രാജ്യത്ത് നിയമാനുസൃതം തൊഴിലെടുക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്​.

ഞായറാഴ്​ച (മെയ്​ 11) മുതൽ ആറ് മാസത്തിനുള്ളിൽ ഹുറൂബ്​ കേസിൽ അകപ്പെട്ടവർക്ക്​ തങ്ങളുടെ പദവി ശരിയാക്കാനുള്ള ഇളവുകാലമാണ്​ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ‘മുസാനദ്’ പ്ലാറ്റ്‌ഫോം ഓട്ടോമേറ്റഡ് സിസ്​റ്റം വഴി പുതിയ തൊഴിലുടമകളാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്‌ത് നടപടിക്രമങ്ങൾ സ്വയമേവ പൂർത്തിയാക്കുന്നതിലൂടെ ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ അവസ്ഥ ശരിയാക്കാൻ പുതിയ തൊഴിലുടമകൾക്ക് സാധിക്കും. രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇളവ്​ നൽകുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.

മുമ്പ് ഹുറൂബ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ഇപ്പോഴും രാജ്യത്തിനുള്ളിൽ നിയമവിരുദ്ധമായി താമസിക്കുന്നതുമായ ഗാർഹിക തൊഴിലാളികൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവരുടെ സേവനങ്ങൾ മറ്റ് തൊഴിലുടമകൾക്ക് കൈമാറുന്നതിലൂടെ അവസ്ഥ ശരിയാക്കാൻ പുതിയ പ്രഖ്യാപനം അനുവദിക്കുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന് ശേഷം പുതുതായി ഹുറൂബ് കേസുകളിൽപ്പെടുന്ന തൊഴിലാളികൾക്ക് ഇത്​ ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia grants six month grace period to fix hurub status for domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.