ഫലസ്തീന് കൈത്താങ്ങായി സൗദി അറേബ്യ; 54.2 കോടി ഡോളറി​െൻറ സഹായത്തിന് പ്രശംസ

യാംബു: ഗസ്സയിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുന്ന സൗദി അറേബ്യയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് ഫലസ്തീൻ പ്രതിനിധി സംഘത്തി​െൻറ ആദരവും പ്രശംസയും. സൗദി സാംസ്കാരിക പൈതൃക കേന്ദ്ര മേധാവി ഇസ്സാം അബു ഖലീൽ കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിലെ കേന്ദ്ര ആസ്ഥാനത്ത് ഫലസ്തീൻ കുടുംബങ്ങളുടെയും ഗോത്ര നേതാക്കളുടെയും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ചടങ്ങിലാണ് സൗദി നൽകിവരുന്ന മഹത്തായ ദുരിതാശ്വാസ സഹായങ്ങൾക്ക് പ്രതിനിധികൾ കൃതജ്ഞത രേഖപ്പെടുത്തിയത്. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, പുനരധിവാസ-ആതുരസേവന രംഗങ്ങളിൽ സൗദി നൽകുന്ന വിലപ്പെട്ട പിന്തുണയെയും പ്രതിനിധിസംഘം പ്രത്യേകം എടുത്തുപറഞ്ഞു.

സൗദിയുടെ ചാരിറ്റി ഏജൻസിയായ കെ.എസ്. റിലീഫ് വഴി ഗസ്സയിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അവർ വ്യക്തമാക്കി. സൗദി അറേബ്യയും ഫലസ്തീൻ ജനതയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തി​െൻറ പ്രതിഫലനമാണ് ഈ സഹായങ്ങളെന്ന് ഇസ്സാം അബു ഖലീൽ കൂടിക്കാഴ്ചയിൽ ഓർമിപ്പിച്ചു. കെ.എസ്. റിലീഫ് നൽകുന്ന മാനുഷിക പിന്തുണ ജനങ്ങളിൽ വലിയ ആത്മവിശ്വാസം വളർത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീനിൽ 155 പദ്ധതികൾ

ഫലസ്തീനിൽ ഇതുവരെ 54.2 കോടി ഡോളറിലധികം മൂല്യമുള്ള 155 പദ്ധതികളാണ് കെ.എസ്. റിലീഫ് വിജയകരമായി നടപ്പാക്കിയത്. ഇതോടെ ഈ ഏജൻസിയുടെ ഏറ്റവും വലിയ ഗുണഭോക്തൃ രാജ്യങ്ങളിലൊന്നായി ഫലസ്തീൻ മാറിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, അടിയന്തര ടെലികമ്യൂണിക്കേഷൻ, ലോജിസ്​റ്റിക്സ് തുടങ്ങിയ മേഖലകളിലും മാനുഷികവും അടിയന്തരവുമായ ദുരിതാശ്വാസ ഏകോപനത്തിലുമെല്ലാം സൗദിയുടെ ഈ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നു.

2015 മെയ് മാസത്തിൽ സ്ഥാപിതമായതു മുതൽ ലോകമെമ്പാടും സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളാണ് കെ.എസ്. റിലീഫ് നടത്തിവരുന്നത്. വിവിധ പ്രാദേശിക, അന്തർദേശീയ സംഘടനകളുമായി (ഏകദേശം 355 സംഘടനകൾ) സഹകരിച്ച് 113 രാജ്യങ്ങളിലായി ഇതിനകം 4,404 പദ്ധതികൾ ഏജൻസി നടപ്പാക്കിക്കഴിഞ്ഞു. ഏതാണ്ട് 854 കോടി ഡോളറിലധികം വിലമതിക്കുന്നതാണ് സൗദി അറേബ്യയുടെ ഈ ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾ.

Tags:    
News Summary - Saudi Arabia Extends Helping Hand to Palestine; Praised for $542 Million Aid Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.