റിയാദ്: ഗൾഫ് രാജ്യങ്ങൾക്കും ജോർഡാനും നേരെ ഇറാൻ നടത്തിവരുന്ന തുടർച്ചയായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടപ്പെടുത്തുന്ന തരത്തിലുള്ള ഇറാെൻറ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിെൻറയും നഗന്മായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ (ഒ.ഐ.സി) കരാറുകൾ കാറ്റിൽപ്പറത്തിയും അയൽപക്ക മര്യാദകൾ ലംഘിച്ചുമുള്ള ഇറാെൻറ നീക്കങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിെൻറ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയുയർത്തിക്കൊണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളിലും സൗദി കടുത്ത ആശങ്ക രേഖപ്പെടുത്തി.
കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ജോർഡാൻ എന്നീ സഹോദര രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ കടന്നുകയറ്റങ്ങളെ സൗദി അറേബ്യ പൂർണമായി തള്ളിക്കളഞ്ഞു. ഈ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെയും മേഖലയുടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇറാെൻറ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്നും സൗദി ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.