റിയാദ്: സൗദി അറേബ്യയിൽ ഔദ്യോഗിക ലൈസൻസ് ഇല്ലാതെ അക്കൗണ്ടിങ് സേവനങ്ങൾ നൽകിയ മുൻ ചാർട്ടേഡ് അക്കൗണ്ടൻറും രണ്ട് സ്ഥാപനങ്ങളും പിടിയിലായി. സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ്സ് (സോക്പ) നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്.
രാജ്യത്തെ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് പ്രഫഷൻ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗികമായി ലൈസൻസ് റദ്ദാക്കപ്പെട്ട ശേഷവും പ്രതിയായ അക്കൗണ്ടൻറ് ഓഡിറ്റ് റിപ്പോർട്ടുകൾ നൽകി വരികയായിരുന്നുവെന്ന് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ മറ്റ് രണ്ട് സ്ഥാപനങ്ങളാകട്ടെ, ആവശ്യമായ നിയമപരമായ അനുമതികൾ ഒന്നുമില്ലാതെ ഇൻറർനെറ്റ് വഴിയാണ് തങ്ങളുടെ അക്കൗണ്ടിങ് സേവനങ്ങൾ പരസ്യം ചെയ്തിരുന്നത്.
ലൈസൻസ് റദ്ദാക്കപ്പെട്ട ശേഷമോ അല്ലെങ്കിൽ കൃത്യമായ ലൈസൻസ് ഇല്ലാതെയോ ഈ തൊഴിലിൽ ഏർപ്പെടുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും, ഇതിന് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ഔദ്യോഗിക ലൈസൻസുകൾ നേടാതെ യാതൊരുവിധ അക്കൗണ്ടിങ് സേവനങ്ങളും പരസ്യം ചെയ്യരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
ഇത്തരം പ്രഫഷനൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് സമൂഹത്തിന് സംരക്ഷണം നൽകുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും അനിവാര്യമാണ്. പൊതുജനങ്ങൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്കായി അംഗീകൃത വ്യക്തികളുമായും സ്ഥാപനങ്ങളുമായും മാത്രമേ ബന്ധപ്പെടാവൂ എന്നും, സേവനം തേടുന്നതിന് മുൻപ് അക്കൗണ്ടൻറുമാരുടെയും സ്ഥാപനങ്ങളുടെയും ലൈസൻസ് വിവരങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തണമെന്നും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ്സ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.