റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവിെൻറ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്.
വ്യവസായ-ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ ഉത്തരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവിലെ ഊർജ്ജ മന്ത്രിയായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്, വ്യവസായ-ധാതുവിഭവ മന്ത്രാലയത്തിെൻറ അധിക ചുമതല കൂടി നൽകി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബന്ദർ അൽഖുറൈഫിനെ സ്റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാംഗമായും പുനർനിയമിച്ചു.
ഭരണതലത്തിലെ മാറ്റങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളിലും പ്രമുഖ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുഹമ്മദ് ബിൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽമുത്‌ലഖിനെ മികച്ച റാങ്കോടെ രാജ്യത്തിെൻറ പുതിയ നീതിന്യായ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. ഇഹ്‌സാൻ ബിൻ അബ്ബാസ് ബിൻ ഹംസ ബാഫഖീഹാണ് പുതിയ ജിദ്ദ ഗവർണറേറ്റ് മേയർ (സെക്രട്ടറി). മികച്ച റാങ്കോടെയാണ് അദ്ദേഹത്തിനും ഈ പദവി നൽകിയിരിക്കുന്നത്.
ധനകാര്യ-ബാങ്കിങ് മേഖലയിലും പുതിയ ഉത്തരവുകൾ പ്രകാരം മാറ്റങ്ങളുണ്ട്. ത്വലാൽ ബിൻ ഫുആദ് ബിൻ അഹമ്മദ് അൽഹമൂദിനെ സൗദി സെൻട്രൽ ബാങ്കിെൻറ സാങ്കേതിക കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഗവർണറായും, അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽദുഹൈമിനെ സെൻട്രൽ ബാങ്കിെൻറ എക്സിക്യൂട്ടീവ് കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഗവർണറായും മികച്ച റാങ്കുകളോടെ നിയമിച്ചു.
ഇതോടൊപ്പം, പബ്ലിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ജനറൽ (അസിസ്റ്റൻറ് അറ്റോർണി ജനറൽ) സ്ഥാനത്ത് നിന്ന് ശൽആൻ ബിൻ ശൽആനെ ഒഴിവാക്കി. അദ്ദേഹത്തെ മികച്ച റാങ്കോടെ റോയൽ കോർട്ടിൽ ഉപദേശകനായി നിയമിച്ചതായും രാജകീയ ഉത്തരവുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.