ജുബൈലിലെ പുതിയ ഡീസലൈനേഷൻ പ്ലാൻറ്
റിയാദ്: കടൽ ജലശുദ്ധീകരണത്തിന്റെ ഏറ്റവും വലിയ ഉൽപാദകരെന്ന നിലയിൽ സൗദി ആഗോളതലത്തിൽ മുന്നിലെത്തിയതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. പ്രതിവർഷം 41.9 ലക്ഷം ക്യൂബിക് മീറ്റർ ജലശുദ്ധീകരണ ശേഷി സൗദിക്കുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കടൽജലം ശുദ്ധീകരിക്കുന്ന രാജ്യമായിരിക്കുന്നു സൗദി. 14,210 കിലോമീറ്റർ നീളമുള്ള ഏറ്റവും വലിയ വാട്ടർ പൈപ്പ്ലൈനും പ്രതിദിനം 1.942 കോടി ക്യുബിക് മീറ്റർ വരെ പമ്പ് ചെയ്യാനുള്ള ശേഷിയുമുണ്ട്. ഇത് സൗദിയുടെ ജലമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും കരുതലും പ്രതിഫലിപ്പിക്കുന്നുവെന്നും ജലമന്ത്രാലയം പറഞ്ഞു.
‘വാട്ടർ സ്ട്രാറ്റജി’ നടപ്പാക്കിയതിന്റെ ഫലമായി പ്രതിദിനം 89 ലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്കുകളുടെ ഏറ്റവും വലിയ ശൃംഖല, 30 ലക്ഷം ക്യൂബിക് മീറ്റർ ശേഷിയുള്ള റിയാദിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണി തുടങ്ങിയവ ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സംഭരണിക്ക് പ്രതിദിനം 47.9 ലക്ഷം ക്യുബിക് മീറ്റർ ശേഷിയുണ്ട്. പ്രതിദിനം 92,000 ക്യൂബിക് മീറ്റർ ശേഷിയുള്ള, ബാഷ്പീകരണ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ശുഐബതിലെ ഏറ്റവും വലിയ ഡീസലൈനേഷൻ യൂനിറ്റും പ്രതിദിനം 50,000 ക്യുബിക് മീറ്റർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ വാട്ടർ ഡീസലൈനേഷൻ പ്ലാൻറും സൗദിയിലുണ്ട്.
ജലശുദ്ധീകരണ പ്ലാൻറുകളിൽ ഏറ്റവും കുറഞ്ഞ ഊർജം ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യയെന്നും ജല മന്ത്രാലയം വ്യക്തമാക്കി. നാഷനൽ വാട്ടർ കമ്പനി അടുത്തിടെ രാജ്യത്തെ വിവിധ മേഖലകളിൽ കോടികളുടെ പദ്ധതികളാണ് ജലശുദ്ധീകരണ, വിതരണ മേഖലയിൽ നടപ്പാക്കിയത്.
ജലവിതരണ മേഖലയിൽ വലിയ ലൈനുകളും നെറ്റ്വർക്കുകളും നടപ്പാക്കുന്നതിന് ഈ പദ്ധതികൾ വലിയ സംഭാവന നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.