സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും ധാരണ പത്രത്തിൽ ഒപ്പുവെച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയും തുർക്കിയും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി. സൗദി-തുർക്കിയ ഏകോപന കൗൺസിലിന്റെ രണ്ടാമത്തെ യോഗം വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. പരസ്പര ആശങ്കയുള്ളതും പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതുമായ വിഷയങ്ങളിൽ സംയുക്ത ഏകോപനം വർധിപ്പിക്കുന്നതിനുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും ഞായറാഴ്ച റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിന് നേതൃത്വം നൽകി. ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രിമാർ പ്രത്യേകം കൂടിക്കാഴ്ച് നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള വഴികൾ അവർ ചർച്ച ചെയ്തു. മേഖലയിലെ പ്രധാന സംഭവവികാസങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
സൗദി-തുർക്കിയ ഏകോപന സമിതി യോഗത്തിന്റെ സമാപനത്തിൽ അമീർ ഫൈസൽ ബിൻ ഫർഹാനും ഹകാൻ ഫിദാനും യോഗതീരുമാനങ്ങളിൽ ഒപ്പുവെച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ അമീർ സഊദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും തുർക്കി വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ള നയതന്ത്ര പരിശീലന മേഖലയിലെ പരസ്പര സഹകരണം സംബന്ധിച്ച ഒരു ധാരണ പത്രത്തിൽ കൂടിക്കാഴ്ച്ചയിൽ ഒപ്പുവെച്ചു.
സൗദിയുടെ ഭാഗത്തുനിന്ന് വിദേശകാര്യ ഉപമന്ത്രി എൻജി. എ. വാലിദ് അൽ ഖുറൈജിയും തുർക്കി പക്ഷത്തുനിന്ന് വിദേശകാര്യ സഹമന്ത്രി ഡോ. നുഹ് അൽമാസും പങ്കെടുത്തു. യോഗത്തിൽ പ്രതിരോധ സഹമന്ത്രി എൻജി. തലാൽ അൽ ഉതൈബി, സാംസ്കാരിക സഹമന്ത്രി എൻജി. റകൻ അൽ തൗഖ്, തൊഴിൽ മാനവ വിഭവശേഷി, സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുത്നൈൻ, നിക്ഷേപ സഹമന്ത്രി എൻജി. ഇബ്രാഹിം അൽ മുബാറക്, തുർക്കിയിലെ സൗദി അംബാസഡർ ഫഹദ് അബു അൽ നാസർ, സൗദി-തുർക്കിയ ഏകോപന സമിതി സെക്രട്ടറി എൻജി. ഫഹദ് അൽ ഹാർതി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.