സൗദി അറേബ്യയുടെ റോയൽ ലാൻഡ് ഫോഴ്‌സും യു.എസ് ആർമിയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചപ്പോൾ
യാംബു: സൗദി അറേബ്യയുടെ റോയൽ ലാൻഡ് ഫോഴ്‌സും യു.എസ് ആർമിയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ പ്രധാന പരിശീലന കേന്ദ്രമായ ഫോർട്ട് ഇർവിനിൽ ‘ക്വിൻസി-1’ എന്ന പേരിലാണ് ഏറ്റവും വലിയ സൈനികാഭ്യാസം നടക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈനികരുടെ പ്രവർത്തന സന്നദ്ധത വർധിപ്പിക്കുക, സൈനിക മേഖലയിലുള്ള വൈദഗ്ദ്ധ്യം പരസ്പരം കൈമാറുക, വൈവിധ്യമാർന്ന പോരാട്ട പരിതസ്ഥിതികളിൽ സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംയോജനം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പരിശീലന പദ്ധതിയുടെ ലക്ഷ്യം.
അമേരിക്കയിലെ ഏറ്റവും വലിയ സൈനിക പരിശീലന സൗകര്യങ്ങളിലൊന്നായ ഫോർട്ട് ഇർവിൻ, കാലിഫോർണിയക്കും നെവാഡക്കും ഇടയിലുള്ള മൊജാവേ മരുഭൂമിയുടെ ഹൃദയഭാഗത്ത് ഏകദേശം 3,108 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. സൗദിയും യു.എസ് കരസേനയും തമ്മിലുള്ള സംയുക്ത പരിശീലനക്കളരിയായ ‘ക്വിൻസി-1’ കഴിഞ്ഞ ദിവസം ആരംഭിച്ചതായി സൗദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ അറേബ്യ ചാനൽ റിപ്പോർട്ട് ചെയ്തു.
പരിശീലന പരിപാടിയുടെ ദൈർഘ്യമോ പങ്കെടുക്കുന്ന സേനകളുടെ വിശദവിവരമോ എണ്ണമോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സൗദിയും അമേരിക്കയും തമ്മിൽ പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച നേരത്തേ തന്നെ സജീവമായി നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.