സൗദിയും സിറിയയും തമ്മിൽ ആരോഗ്യരംഗത്ത് ഉണ്ടാക്കിയ ഡിജിറ്റൽ ലിങ്ക് പദ്ധതിയുടെ
ഉദ്ഘാടന പരിപാടിയിൽ നിന്ന്
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വെർച്വൽ ഹെൽത്ത് ആശുപത്രിയും സിറിയൻ ആരോഗ്യ മന്ത്രാലയവും തമ്മിൽ ഡിജിറ്റൽ ലിങ്ക് പദ്ധതി ആരംഭിച്ചു. ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലും സിറിയൻ മന്ത്രി ഡോ. മിസ്അബ് അൽഅലിയും നേരിട്ടും സിറിയൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുസ്സലാം ഹയ്ഖലും വെർച്വലായും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ ബന്ധം സൗദി-സിറിയൻ ആരോഗ്യ സഹകരണത്തിലെ മുന്നേറ്റമായും ഡിജിറ്റൽ ആരോഗ്യ അടിസ്ഥാന സ്ഥാപനങ്ങളുടെ സംയോജനത്തിലെ ഗുണപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നതായും വിലയിരുത്തപ്പെടുന്നു. സൗദി, സിറിയൻ ആരോഗ്യ പ്ലാറ്റ്ഫോമുകൾക്കിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ തുറക്കുന്നതുമാണ്.
ആരോഗ്യ സേവനങ്ങൾ, മുഴുസമയ വിദൂര കൺസൽട്ടേഷനുകൾ, രോഗനിർണയം, ചികിത്സ, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ള നൂതന മെഡിക്കൽ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നു. സിറിയയിൽ ശക്തമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നിർമ്മാണത്തെ പിന്തുണക്കുന്നു. സിറിയയിലെ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് സൗദി ഡോക്ടർമാരുടെ വൈദഗ്ദ്ധ്യം നേടാനും വളരെ കൃത്യമായ പ്രത്യേക കൺസൽട്ടേഷനുകൾ നൽകാനും ഗുരുതരമായ കേസുകളിൽ പ്രതികരണ വേഗത വർധിപ്പിക്കാനും പ്രാപ്തരാക്കുന്നതിലൂടെ സിറിയൻ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റൽ ആരോഗ്യ പരിവർത്തനത്തിൽ സൗദിയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സിറിയയിൽ ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുക, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, വെർച്വൽ ഹെൽത്ത് കെയർ സൊല്യൂഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കുക, പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യമെന്ന് സൗദി ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.