ജി.സി.സി ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ചർച്ച നടത്തിയപ്പോൾ
റിയാദ്: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യ നയതന്ത്ര ബന്ധം ശക്തമാക്കുന്നു. ഗൾഫ് പ്രതിസന്ധി അവസാനിപ്പിച്ച സുപ്രധാന തീരുമാനമെടുത്ത 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചതിനെ തുടർന്നാണിത്. ഉച്ചകോടിക്ക് ശേഷം അന്നുതന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ചർച്ച നടത്തിയിരുന്നു.
ഇൗ ചർച്ചയിൽ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ നീക്കങ്ങളെ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗവും സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദവും നയതന്ത്ര ബന്ധവും ഊഷ്മളമാക്കാൻ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി സൗദി ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഉച്ചകോടി തീരുമാനിച്ച വിവിധ ഗൾഫ് സംയുക്ത പദ്ധതികളും ചർച്ചയായി. ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി ഡോ. മുസാഇദ് അൽ ഐബാൻ, ഖത്തർ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവരും പങ്കെടുത്തു. ചർച്ചക്കുശേഷം അൽഉലയിലെ ചരിത്രപ്രധാന കേന്ദ്രങ്ങളിലേക്ക് സൗദി കിരീടാവകാശി ഇവരെ കൂട്ടിക്കൊണ്ടു പോയിരുന്നു. ഉച്ചകോടിക്കുശേഷം ഇവരെ യാത്രയാക്കാനും നേതൃത്വം നൽകിയത് സൗദി കിരീടാവകാശി തന്നെ. കൗതുകത്തോടെയാണ് ഇരു കൂട്ടരുടെയും ചിത്രങ്ങളും ദൃശ്യങ്ങളും ലോകം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.