സിറിയയിലെ ഹോംസിൽ പള്ളിയിലുണ്ടായ ഭീകരാക്രമണ
ദൃശ്യം
ജിദ്ദ: സിറിയയിലെ ഹോംസ് നഗരത്തിലുള്ള ഇമാം അലി ബിൻ അബി താലിബ് പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കെ ഉണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 18 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാതലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയത്. ഇത്തരം കിരാതമായ നടപടികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, സിറിയൻ ജനത നേരിട്ട ഈ വലിയ ദുരന്തത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
തീവ്രവാദത്തെയും ഭീകരതയെയും അതിന്റെ എല്ലാ രൂപങ്ങളിലും സൗദി അറേബ്യ കർശനമായി തള്ളിക്കളയുന്നതായി പ്രസ്താവനയിൽ അറിയിച്ചു. ആരാധനാലയങ്ങളെയും പള്ളികളെയും ലക്ഷ്യം വെക്കുന്നതും നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കുന്നതും മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സിറിയൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രസ്താവനയിലൂടെ വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും സിറിയൻ ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രാലയം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. വരും ദിവസങ്ങളിൽ സിറിയയിൽ സമാധാനവും സുസ്ഥിരതയും നിലനിൽക്കട്ടെ എന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.