റിയാദിൽ പുതിയ സാംസ്കാരിക കേന്ദ്രം ‘ദ ഗ്രോവ്’ പൊതുജനങ്ങൾക്കായി തുറന്നപ്പോൾ
റിയാദ്: ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുറന്ന അന്തരീക്ഷമായി സൗദി തലസ്ഥാന നഗരത്തിൽ ‘ദ ഗ്രോവ്’ എന്നപേരിൽ പുതിയ സാംസ്കാരിക കേന്ദ്രം തുറന്നു. റിയാദ് വികസന പദ്ധതിയിലെ ഈ പുതിയ ലക്ഷ്യസ്ഥാനം ഉദ്ഘാടനം ചെയ്തതായി സ്പോർട്സ് ബോളിവാഡ് ഫൗണ്ടേഷൻ അറിയിച്ചു. അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിൽ ആർട്സ് ടവറിനും സുവൈദ് ബിൻ ഹാരിദ് സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന 1.2 കിലോമീറ്റർ നീളമുള്ള ഓപ്പൺ എയർ നഗര, സാംസ്കാരിക കേന്ദ്രമാണിത്.
മൊത്തം വിസ്തീർണം 23,000 ചതുരശ്ര മീറ്ററിൽ കൂടുതലാണ്. ജലാശയങ്ങൾ, ഹരിത ഇടങ്ങൾ, പരിപാടികൾക്കും കായിക പ്രവർത്തനങ്ങൾക്കുമുള്ള സ്ഥലങ്ങൾ, കഫേകൾ, റീട്ടെയിൽ ഔട്ട്ലറ്റുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, പാർക്കിങ് എന്നിവ ‘ദ ഗ്രോവി’ൽ ഉൾപ്പെടുന്നു. കൂടാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കും പാതകൾ ഉണ്ട്. ആരോഗ്യകരമായ ജീവിതശൈലിയും സമൂഹ ഇടപെടലും പ്രോത്സാഹിപ്പിക്കുന്ന ഒരു തുറന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് സ്പോർട്സ് ബോളിവാഡ് പദ്ധതിയിലെ പുതിയ ഈ ലക്ഷ്യസ്ഥാനം.
2025 ഫെബ്രുവരിയിൽ സ്പോർട്സ് ബോളിവാഡ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിലാണ് ‘ദ ഗ്രോവി’െൻറ നിർമാണം പൂർത്തിയായത്. വാദി ഹനീഫ, പ്രൊമെനേഡ്, സാൻറ്സ് സ്പോർട്സ് പാർക്ക്, ആർട്സ് ടവർ ഏരിയ, അമീറ നൂറ ബിന്ത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയുടെ ഇേൻറണൽ ട്രാക് തുടങ്ങിയ നിരവധി പ്രധാന സ്ഥലങ്ങൾ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.
റിയാദ് നഗരത്തിനായുള്ള പ്രധാന പദ്ധതികളിലൊന്നാണ് സ്പോർട്സ് ബോളിവാഡ് പദ്ധതി. 2019 മാർച്ച് 19നാണ് സൽമാൻ രാജാവ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഡയറക്ടർ ബോർഡ് അധ്യക്ഷൻ. ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ റിയാദിെൻറ സ്ഥാനം ഉയർത്തുക, ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, മാന്യമായ ജീവിതവും ആരോഗ്യകരമായ ജീവിതശൈലിയും ആസ്വദിക്കുന്ന സമൂഹം കെട്ടിപ്പടുക്കുക, നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും പോസിറ്റീവും ആകർഷകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നിവയിലൂടെ സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളെ പിന്തുണക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായും സൽമാനിക് വാസ്തുവിദ്യാ തത്ത്വങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ കോഡിന് അനുസൃതമായുമാണ് സ്പോർട്സ് ബൊളിവാഡ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. 135 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 50ലധികം വൈവിധ്യമാർന്ന സ്പോർട്സ് വേദികളും മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പ്രധാന നിക്ഷേപ അവസരങ്ങളും ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ലീനിയർ പാർക്കായി ഇത് മാറാൻ പോകുകയാണ്. പദ്ധതിയുടെ ശേഷിക്കുന്ന ഭാഗങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.