ദമ്മാമിലെ ഗ്ലോബൽ സിറ്റിയുടെ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ലോക രാജ്യങ്ങളുടെ കാഴ്ചകളും സംസ്കാരങ്ങളും പ്രതിഫലിക്കുന്ന പവലിയനുകൾ ഉൾപ്പെടുത്തി ദമ്മാമിൽ നിർമിച്ച ഗ്ലോബൽ സിറ്റി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് തിങ്കളാഴ്ച രാജ്യത്തിന് സമർപ്പിച്ചു. 16 രാജ്യങ്ങളുടെ പവലിയനുകളാണ് ആദ്യ ഘട്ടത്തിൽ ഗ്ലോബൽ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യ, ഈജിപ്ത്, സൗദി അറേബ്യ, തായ്‌ലൻഡ്, മൊറോക്കോ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾ, ജി.സി.സി, ആഫ്രിക്ക രാജ്യങ്ങൾ എന്നിവയുടെ പവലിയനുകളാണ് ആദ്യ ഘട്ടത്തിൽ സന്ദർശകരെ സ്വീകരിക്കുന്നത്. ബുധനാഴ്ച (ഡിസംബർ 31) മുതൽ ഗ്ലോബൽ സിറ്റി സന്ദർശകർക്കായി കവാടം ഔദ്യോഗികമായി തുറക്കും.
ഇത് ആധുനിക നിക്ഷേപ സമീപനത്തിന്റെ പ്രതിഫലനമാണെന്നും കിഴക്കൻ പ്രവിശ്യയുടെ ശക്തമായ സാമ്പത്തിക, വിനോദ സാധ്യതകളെ ഇത് ഉയരത്തിലേക്ക് കൊണ്ടുപോകുമെന്നും ഗവർണർ പറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങളെ വൈവിധ്യവത്ക്കരിക്കുകയും നഗരങ്ങളുടെ ആകർഷണം വർദ്ധിപ്പിക്കുകയും പുതിയ നിക്ഷേപ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും താമസക്കാർക്കും സന്ദർശകർക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന നിലവാരമുള്ള പദ്ധതികളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര, ഗൾഫ്, അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള നഗര വികസന സംരംഭങ്ങളുമായി ഈ പദ്ധതി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ സിറ്റി
പണി പൂർത്തിയായ ഭാഗങ്ങൾ കിഴക്കൻ പ്രവിശ്യാ മേയർ എൻജി. ഫഹദ് അൽജുബൈർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. കിഴക്കൻ പ്രവിശ്യാ വികസന അതോറിറ്റിയുടെ ആക്ടിങ് സി.ഇ.ഒ ഡോ. തലാൽ അൽമഗ്ലൗത്ത്, നിക്ഷേപ-റവന്യു വികസന സെക്രട്ടറിയുടെ ഡെപ്യൂട്ടി എൻജിനീയർ ഹംദാൻ അൽഅറാദി, സെക്രട്ടേറിയറ്റിലെയും അതോറിറ്റിയിലെയും നിരവധി നേതാക്കൾ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
650,000 ചതുരശ്ര മീറ്ററാണ് ഗ്ലോബൽ സിറ്റിയുടെ ആകെ വിസ്തീർണം. ആദ്യ ഘട്ടമായ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പണികളാണ് പൂർത്തിയായിട്ടുള്ളത്. ഓരോ രാജ്യത്തിന്റെയും രുചി വൈവിധ്യങ്ങൾ, സംസ്കാരം, ജനപ്രിയ ഭക്ഷണവിഭവങ്ങൾ, പ്രത്യേക തരം ഉൽപന്നങ്ങൾ എന്നിവയാണ് പവലിയനുകളിലെ കാഴ്ചകൾ. ഒപ്പം പാരമ്പര്യ സംസ്കാരിക കലകളുടെ പ്രദർശനവും അരങ്ങേറുന്നുണ്ട്.
മാത്രമല്ല വിവിധ വിനോദ പരിപാടികളുമുണ്ടാവും. ഗ്ലോബൽ സിറ്റിയുടെ മധ്യഭാഗത്ത് ഒരു തടാകവും അതിൽ ബോട്ട് യാത്രയുമുണ്ട്. ടൂറിസം, വിനോദം എന്നിവയ്ക്കുള്ള ഒരു കേന്ദ്രം, ഒരു ഫ്ലോട്ടിങ് മാർക്കറ്റ്, 8,000 സന്ദർശകരെ ഉൾക്കൊള്ളുന്ന ഒരു ഓപ്പൺ എയർ തിയറ്റർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഒരു ആധുനിക അമ്യൂസ്‌മെൻറ് പാർക്ക്, റെസ്റ്റോറൻറുകൾ, വിവിധ സൗകര്യങ്ങൾ, ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപനക്കുമുള്ള വിപണികൾ, നടപ്പാതകൾ എന്നിവയുമുണ്ട്. ഇത് കിഴക്കൻ പ്രവിശ്യയിലെ ഒരു പ്രധാന വിനോദസഞ്ചാര, കേന്ദ്രമാക്കി മാറും. സന്ദർശകർക്ക് പ്രവേശനത്തിനുള്ള നിരക്കുകളും പ്രവർത്തന സമയവും ഇന്ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.