സൗദി ഉപഗ്രഹമായ ‘ഷംസ്’ വിജയകരമായി വിക്ഷേപിച്ചപ്പോൾ
റിയാദ്: ബഹിരാകാശ ദൗത്യത്തിൽ പുതിയൊരു ചരിത്രനേട്ടം കൈവരിച്ച് സൗദി അറേബ്യ. നാസയുടെ ‘ആർട്ടെമിസ് II’ ദൗത്യത്തിെൻറ ഭാഗമായി സൗദി ഉപഗ്രഹമായ ‘ഷംസ്’ വിജയകരമായി വിക്ഷേപിക്കുകയും അതുമായി ഫലപ്രദമായ ആശയവിനിമയ ബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ ആർട്ടെമിസ് പ്രോഗ്രാമിെൻറ ഭാഗമായി ബഹിരാകാശ ദൗത്യം ആരംഭിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമെന്ന ഖ്യാതി സൗദി അറേബ്യ സ്വന്തമാക്കി. ബഹിരാകാശ മേഖലയിലെ സൗദിയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെയും ആഗോള ശാസ്ത്ര പദ്ധതികളിലെ സജീവ സാന്നിധ്യത്തെയുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) വാഹനത്തിലാണ് ‘ഷംസ്’ വിക്ഷേപിച്ചതെന്ന് സൗദി ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ദേശീയ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, ശാസ്ത്രീയ ഗവേഷണങ്ങൾ സാധ്യമാക്കുക, അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഭൂമിയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ മുതൽ 70,000 കിലോമീറ്റർ വരെ അകലെയുള്ള ഉയർന്ന എലിപ്റ്റിക്കൽ ഓർബിറ്റിലാണ് (എച്ച്.ഇ.ഒ) ഉപഗ്രഹം നിലയുറപ്പിക്കുന്നത്. ബഹിരാകാശ വികിരണം, സൗര എക്സ്-റേകൾ, ഭൂമിയുടെ കാന്തികക്ഷേത്രം, ഉയർന്ന ഊർജ്ജമുള്ള സൗരകണങ്ങൾ എന്നിങ്ങനെ നാല് വൈവിധ്യമാർന്ന മേഖലകളെ കുറിച്ച് പഠിക്കാനും സൗരപ്രവർത്തനങ്ങൾ ഭൂമിയിലുണ്ടാക്കുന്ന ഫലങ്ങൾ നിരീക്ഷിക്കാനും ഈ ഉപഗ്രഹം സഹായിക്കും.
സൗദി വിഷൻ 2030-െൻറ ഭാഗമായുള്ള ‘നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് ആൻഡ് ലോജിസ്റ്റിക്സ് പ്രോഗ്രാമിന്’ കീഴിൽ രാജ്യത്തെ പ്രതിഭകളാണ് ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ആദ്യത്തെ ദേശീയ ദൗത്യം കൂടിയാണിത്.
ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങൾ പങ്കാളികളാകുന്ന ആർട്ടെമിസ് പ്രോഗ്രാമിെൻറ ലക്ഷ്യം മനുഷ്യരെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് തിരികെ എത്തിക്കുകയും ചൊവ്വയിലേക്കുള്ള ഭാവി ദൗത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്. ഈ ബൃഹദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് സൗദി ഇപ്പോൾ നിർണായക പങ്കാളിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.