ജിദ്ദ: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 16 ദിവസം പിന്നിട്ടതോടെ മലയാളികൾ ഉൾപ്പെടെ 13,000ത്തിലേറെ നിയമലംഘകർ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇതിൽ പകുതിയോളം നിയമനടപടി പൂർത്തിയാക്കി സ്വദേശങ്ങളിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ ഒൗട്ട്പാസിനുള്ള കാത്തിരിപ്പിലാണ്.
മാര്‍ച്ച് 29ന് ആരംഭിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഓരോ ദിവസവും വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേരാണ് ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) കേന്ദ്രങ്ങളിലെത്തുന്നത്. പാകിസ്താന്‍ സ്വദേശികളും ഇന്ത്യക്കാരുമാണ് നാട്ടിലേക്കു മടങ്ങിയവരിൽ കൂടുതലും. പാസ്പോര്‍ട്ട് കൈവശമില്ലാത്ത 13,000ത്തിലധികം ഇന്ത്യക്കാർ ഇതിനകം ഔട്ട്പാസിനായി അപേക്ഷ നല്‍കി.
ഇതില്‍ ഒമ്പതിനായിരത്തിലധികം ഔട്ട്പാസുകള്‍ റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റ് വഴിയും നൽകിയിട്ടുണ്ട്. പാസ്പോര്‍ട്ട് കൈവശമുള്ള ഹുറൂബുകാര്‍ (സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ) നേരിട്ട് ജവാസാത്ത് കേന്ദ്രത്തിലെത്തി ഫൈനല്‍ എക്സിറ്റ് വാങ്ങുന്നുമുണ്ട്. മലയാളി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ഇത്തരത്തിൽ നാടണയുന്നത്. അവസാന സമയംവരെ കാത്തുനില്‍ക്കാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ശുമൈസി തര്‍ഹീലിലെ മുതിർന്ന ഉദ്യോഗസ്ഥാൻ കേണൽ ഡോ. മുഹമ്മദ് ഹസന്‍ അല്‍ ഹാരിഥി പറഞ്ഞു.
ഫൈനല്‍ എക്സിറ്റിനുള്ള അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ സൗദി പാസ്പോർട്ട് വിഭാഗവും ഓഫിസുകളിലെ സേവനങ്ങളും വർധിപ്പിച്ചിട്ടുണ്ട്. മക്ക പ്രവിശ്യയില്‍ ഏഴ് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ശുമൈസി തര്‍ഹീലിന് പുറമെ ജിദ്ദ, താഇഫ് വിമാനത്താവളങ്ങളിലും ഖുന്‍ഫുദ, റാബിഗ് എന്നിവിടങ്ങളിലും ഫൈനല്‍ എക്സിറ്റ് നേടാൻ സൗകര്യമുണ്ട‌്.അറബ് രാജ്യങ്ങളില്‍നിന്നുള്ള നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ‘നിയമലംഘകരില്ലാത്ത’ രാജ്യം എന്ന ആശയം സാക്ഷാത്കരിക്കാനാണ് സൗദി 90 ദിവസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.