കൊച്ചിയിലേക്ക്​​ സൗദി എയർലൈൻസ്​ വിമാനം ശനിയാഴ്ച മുതൽ

ജിദ്ദ: ഇന്ത്യ- സൗദി എയർ ബബിൾ കരാർ പ്രകാരം കൊച്ചി ഉൾപ്പടെ വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് സൗദി എയർലൈൻസ്​​ ശനിയാഴ്ച സർവിസ്​ ആരംഭിക്കും. 

കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമേ നിലവിൽ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുള്ളൂ. ജിദ്ദ-കൊച്ചി സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലും റിയാദ്-കൊച്ചി സെക്ടറിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് വിമാനങ്ങൾ.

ജിദ്ദയിൽ നിന്ന് പുലർച്ചെ 12.20ന് പുറപ്പെടുന്ന വിമാനം രാവിലെ 8.10ന് കൊച്ചിയിലെത്തും. തിരിച്ച് രാവിലെ 9.40ന് കൊച്ചിയിൽ നിന്നും പറന്നുയരുന്ന വിമാനം ഉച്ചക്ക് 1.50 നാണ് ജിദ്ദയിലെത്തുക. റിയാദിൽ നിന്ന് ഉച്ചക്ക് ശേഷം 1.30 ന്​ വിമാനം പുറപ്പെടും. ഈ വിമാനം രാത്രി 8.35ന് കൊച്ചിയിലിറങ്ങും. തിരികെ രാത്രി 10.05ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.15ന് റിയാദിൽ ഇറങ്ങും.

ജിദ്ദ കൊച്ചി യാത്രക്ക്​ 23 കിലോ ബാഗേജുൾപ്പെടെ 740 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഇത് 23 കിലോ വീതമുള്ള രണ്ട് ബാഗേജുകളാണെങ്കിൽ 994 റിയാൽ മുതലും ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇക്കണോമിക് ക്ലാസിന് 1100 റിയാൽ, 1765 റിയാൽ എന്നിങ്ങിനെയാണ് ടിക്കറ്റ് നിരക്ക്.

റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്ക് 23 കിലോ ബാഗേജുൾപ്പെടെ 999 റിയാൽ, 23 കിലോ വീതമുള്ള രണ്ട് ബാഗേജുൾപ്പെടെ 1099 റിയാൽ എന്നിങ്ങനെയാണ്​ നിരക്ക്​. വരും ദിവസങ്ങളിൽ കൂടുതൽ വിമാന കമ്പനികൾ യാത്രക്കെത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

ഈ മാസം ഒന്നിന്​ പ്രാബല്യത്തിലായ എയർ ബബ്​ൾ കരാർ പ്രകാരമാണ് സർവിസ്. കഴിഞ്ഞ ദിവസം ഇൻഡിഗോയും ഫ്ലൈനാസും സൗദി-ഇന്ത്യ സെക്ടറിൽ സർവിസുകൾ പ്രഖ്യാപിച്ചിരുന്നു. 

ഇതോടെ പ്രാസികളെ പോലെ ഉംറ തീർഥാടകർക്കും കേരളത്തിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് വരാനാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.