ഖഫ്ജി: ഇൗ മാസം ആദ്യം ഖഫ്ജിയിൽ വാഹനാപകടത്തിൽ മരിച്ച കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കി. ഖഫ്ജിയിൽനിന്നും പോയ വാഹനം സഫാനിയയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കർണാടക സ്വദേശി അബ്ദുൽ സത്താർ മന്നാ സാഹിബ് (47), മക്കളായ ഉമർ മന്നാ (13), മുഹമ്മദ് മന്നാ (10) എന്നിവരാണ് മരിച്ചത്.
അൽഖഫ്‌ജി ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന മക്കളുടെ പ്രോഗ്രസ് കാർഡ് ഒപ്പിടാനായി സകുടുംബം എത്തിയതായിരുന്നു അബ്ദുൽ സത്താർ. ഖഫ്‌ജിയിൽനിന്നും 70 കിലോമീറ്റർ അകലെ സഫാനിയയിലായിരുന്നു ഇദ്ദേഹത്തിന്‍റെ ജോലി. അതുകൊണ്ട് അവിടെയായിരുന്നു അവരുടെ താമസം.
അപകടത്തിൽ പരിക്കേറ്റ അബ്ദുൽ സത്താർ ഖഫ്‌ജി ആശുപത്രിയിലും മകൻ മുഹമ്മദ് (10) അപകടസ്ഥലത്തും മരിച്ചു. സാരമായ പരിക്കുകളോടെ ജുബൈൽ ജനറൽ ആശുപത്രിയിൽ ഐ.സി.യുവിലായിരുന്ന ഉമർ ദിവസങ്ങൾക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
അബ്ദുൽ സത്താർ മന്നാസാഹിബിന്‍റെയും മുഹമ്മദ് മന്നായുടെയും മൃതദേഹങ്ങൾ ഖഫ്ജിയിലും ഉമർ മന്നായുടേത് ജുബൈലിലുമാണ് ഖബറടക്കിയത്. കോവിഡ്-19 നിയന്ത്രണം കാരണം മയ്യിത്ത് നമസ്ക്കാരവും മഖ്ബറയിൽ വച്ച് തന്നെയായിരുന്നു.
ഖഫ്‌ജി സ്‌കൂളിൽ ഏഴ്, അഞ്ച് ക്ലാസുകളിലായിരുന്നു ഉമറും മുഹമ്മദും പഠിച്ചിരുന്നത്. ഇവിടെ തന്നെ ആറാം ക്ലാസിൽ പഠിക്കുന്ന സാദ് മന്ന ഉൾപ്പെടെ നാലു മക്കളും ഭാര്യയും അടങ്ങുന്നതാണ് അബ്ദുൽ സത്താർ മന്നാസാഹിബിെൻറ കുടുംബം. മൂത്ത മകൻ ഉമർ മന്ന ഖുർആൻ പഠിക്കുകയും വളരെ മനോഹരമായി പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു.
അപകട മരണം ഖഫ്ജി ഇൻറർനാഷനൽ സ്കൂളിനെയും അധ്യാപകരെയും വിദ്യാർഥികളെയുമെല്ലാം ദുഃഖത്തിലാഴ്ത്തി. കുടുംബത്തിൽ അവശേഷിച്ച ഭാര്യയേയും മറ്റ് രണ്ടു മക്കളെയും നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. സാമൂഹിക പ്രവർത്തകരായ സലീം ആലപ്പുഴ (ജുബൈൽ), അബ്ദുൽ ജലീൽ കോഴിക്കോട് (ഖഫ്‌ജി) എന്നിവരാണ് മൃതദേഹങ്ങൾ ഖബറടക്കാനും മറ്റുമുള്ള സഹായം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.