മക്ക: ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷയും ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി അത്യാധുനിക സ്മാർട്ട് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെൻറർ സജ്ജമാക്കി. റോഡ് ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് അതോറിറ്റിയാണ് ഈ സ്മാർട്ട് നിയന്ത്രണ കേന്ദ്രം വികസിപ്പിച്ചത്. റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഗതാഗത സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൻറെ പ്രവർത്തനം.
നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 50 അത്യാധുനിക കാമറകളാണ് നിരീക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് പുറമെയാണിത്. പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകളും തിരക്കേറിയ ഗതാഗത മേഖലകളും സെൻസറുകളും കാമറകളും ഉപയോഗിച്ച് കേന്ദ്രം നിരന്തരം നിരീക്ഷിക്കും. തീർഥാടകർ കടന്നുപോകുന്ന വഴികളിൽ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും.
കാലാവസ്ഥാ വ്യതിയാനങ്ങൾ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും കേന്ദ്രത്തിലുണ്ട്. മഴയോ മണൽക്കാറ്റോ ഉണ്ടായാൽ റോഡ് ഉപയോക്താക്കൾക്ക് ഉടനടി മുന്നറിയിപ്പ് നൽകും. ഗതാഗത തടസ്സങ്ങൾ, അപകടങ്ങൾ എന്നിവ കണ്ടെത്താനും ഗതാഗത കുരുക്ക് അളക്കാനുമുള്ള സാങ്കേതിക വിദ്യകൾ ഇവിടെ സംയോജിപ്പിച്ചിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി ഒരു ഏകീകൃത സ്മാർട്ട് പ്ലാറ്റ്ഫോമാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ഡേറ്റ അനലിറ്റിക്സ് സെൻറർ വഴി വിവരങ്ങൾ വിശകലനം ചെയ്ത് വേഗത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും. ഹജ്ജ് സീസണിലേക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പ്രവർത്തന പദ്ധതികളും പൂർത്തിയാക്കിയതായി റോഡ് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.