സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി
റിയാദ്: ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും ഹൂതികളുടെ ഭീഷണികൾക്ക് ശക്തമായ മറുപടി നൽകുമെന്നും യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന അറബ് സഖ്യസേന വ്യക്തമാക്കി. സംയുക്ത സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് റിയാദിൽ വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
ബാബ് അൽ മന്ദബ് മേഖലയിലെ കപ്പലുകളുടെ സുരക്ഷക്കായി അന്താരാഷ്ട്ര നിയമങ്ങൾക്കും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറിനും അനുസൃതമായി ശക്തവും കർശനവുമായ നടപടികൾ സംയുക്ത കമാൻഡ് നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഇത് കടൽക്കൊള്ളയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും സഖ്യസേന ഉപരോധിച്ചിരിക്കുകയാണെന്ന അവകാശവാദം തെറ്റാണെന്നും അത് യമൻ സർക്കാരിനും അയൽരാജ്യങ്ങൾക്കുമെതിരെ ഹൂതികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണെന്നും അൽ മാലിക്കി വ്യക്തമാക്കി. 2026-െൻറ ആദ്യ പകുതിയിൽ മാത്രം ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, നിർമാണ സാമഗ്രികൾ എന്നിവയുമായി 300-ലധികം വാണിജ്യ കപ്പലുകളാണ് ഹുദൈദ, അൽ സലീഫ്, റാസ് ഈസ എന്നീ തുറമുഖങ്ങളിൽ സുരക്ഷിതമായി പ്രവേശിച്ചത്. ഉപരോധത്തെക്കുറിച്ചുള്ള ഹൂതികളുടെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം തടസ്സപ്പെട്ടതിനും യമനിയ എയർലൈൻസ് വിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിനും ഉത്തരവാദികൾ ഹൂതി മിലിഷ്യയാണെന്ന് സഖ്യസേനാ വക്താവ് കുറ്റപ്പെടുത്തി. വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിനായി മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും മുൻകൈകളും നിരസിച്ചത് ഹൂതികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.