ആർ.എസ്.സി ഹജ്ജ് വളൻറിയർ ക്യാമ്പ് ഓഫീസ്​ മിനായിൽ ഐ.സി.എഫ് മക്ക വെൽഫെയർ സെക്രട്ടറി ജമാൽ മുക്കം ഉദ്​ഘാടനം ചെയ്യുന്നു

ആർ.എസ്.സി ഹജ്ജ് വളൻറിയർ ക്യാമ്പ് ആരംഭിച്ചു

മക്ക: ഹജ്ജിനെത്തിയ വിശ്വാസി ലക്ഷങ്ങൾക്ക് ആർ.എസ്.സി നൽകുന്ന സേവന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എകോപനം സാധ്യമാക്കുന്നതിനും മിനായിൽ വളൻറിയർ ക്യാമ്പും ഓഫീസും ആരംഭിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പൂർത്തീകരണത്തിന് എത്തുന്ന ഹാജിമാർക്ക് മിനയിലും പരിസരങ്ങളിലും സേവന, സാന്ത്വന പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വളൻറിയർ സംഘമാണ് ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ. ഹാജിമാർക്ക് മിനായിൽ ആവശ്യമായ എല്ലാ സേവനങ്ങളും വളൻറിയർ കോർ അംഗങ്ങൾ ചെയ്യുന്നുണ്ട്. സൗദിയിലെ 19 സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രത്യേക പരിശീലനം പൂർത്തീകരിച്ച വളൻറിയർമാരാണ് മിനായിലേക്ക് സേവനത്തിന് എത്തുന്നത്.

മിനായിൽ 300 പോയിൻറുകളിൽ നിരന്തര സേവനം ലഭ്യമാവും. ടെൻറിൽ നിന്ന് ജംറയിലേക്കും തിരിച്ചും കാൽനടയായി പോകുന്ന ഹാജിമാർക്ക് ഇലക്ട്രിക്ക് വീൽ ചെയർ സംവിധാനമടക്കം സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വഴി തെറ്റി പ്രയാസപ്പെടുന്ന തീർഥാടകരെ തിരിച്ചു ടെൻറ്റുകളിൽ എത്തിക്കുന്നതിനും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ ചെയ്തു കൊടുക്കാനും പ്രത്യേക സംഘങ്ങളായി വളൻറിയർ ടീമുകൾ രംഗത്തുണ്ടാവും. ത്വവാഫിന് എത്തുന്ന ഹാജിമാർക്ക് വേണ്ടി മക്ക ഹറം പരിസരത്തും സേവനം ഉറപ്പു വരുത്തും.

ആദ്യ ഹാജിമാർ വന്നത് മുതൽ മക്കയിലും മദീനയിലും ജിദ്ദയിലും ആർ.എസ്.സി ഹജ്ജ് വളൻറിയർമാരുടെ സേവന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്​. ദുൽഹജ്ജ്​ 13 വരെ നീണ്ടു നിൽക്കുന്ന മിനായിലെ സേവനങ്ങൾക്ക് മേൽ നോട്ടം വഹിക്കുകയും വളൻറിയർമാർക്കുള്ള ഭക്ഷണം, വിശ്രമം എന്നിവക്കും വേണ്ടിയാണു ക്യാമ്പും ഒഫീസും ഒരുക്കിയിട്ടുള്ളത്‌. 24 മണിക്കൂറും ഓഫീസിൽ ഇൻഫർമേഷൻ സെൻറർ പ്രവർത്തന സജ്ജമായിരിക്കും. സെൻറർ കേന്ദ്രീകരിച്ചാണ് വളൻറിയർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ഐ.സി.എഫ് മക്ക വെൽഫെയർ സെക്രട്ടറി ജമാൽ മുക്കം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിമാരായ നാസർ തച്ചംപൊയിൽ, ശിഹാബ് കുറുക്കത്താണി, ആർ.എസ്.സി മക്ക സോൺ സെക്രട്ടറിമാരായ അൻവർ കൊളപുറം, കബീർ ചൊവ്വ, ഇസ്ഹാഖ് ഖാദിസിയ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.