താപനില താഴ്ന്നത് മൈനസ് അഞ്ച് വരെ; കൊടും ശൈത്യം ഏതാനും ദിവസം കൂടി

റിയാദ്: സമീപ വര്‍ഷങ്ങളിലെ ഏറ്റവും കടുത്ത ശൈത്യമാണ് ഇത്തവണ സൗദി അറേബ്യയില്‍ അനുഭവപ്പെടുന്നത്. ഫെബ്രുവരി മാസം എത്തുമ്പോഴേക്കും ശൈത്യത്തിന്‍െറ കാഠിന്യം കുറയുകയാണ് പതിവെങ്കില്‍ ഇത്തവണ അതെല്ലാം തെറ്റി. മധ്യ, വടക്കന്‍ പ്രവിശ്യകളില്‍ ശനിയാഴ്ച പുലര്‍ച്ചെ മൈനസ് അഞ്ചിലേക്കാണ് താപനില താഴ്ന്നത്. ഈ ശൈത്യകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലയാണ് ഇത്. എന്നാല്‍ ഏറ്റവും കടുപ്പമേറിയ ഘട്ടം ശനിയാഴ്ചയോടെ അവസാനിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഞായറാഴ്ച ഏറ്റവും കൂടിയ താപനില 17ലേക്കും കുറഞ്ഞത് ആറിലേക്കും ഉയരുമെന്നും അവര്‍ പ്രവചിക്കുന്നു. 
വ്യാഴാഴ്ചയോടെ കൂടിയ താപനില 22ഉം കുറഞ്ഞത് 12ഉം ആയി ഉയരും. അതേസമയം നജ്റാന്‍, ജീസാന്‍ എന്നിവ ഉള്‍പ്പെട്ട തെക്കന്‍ മേഖലയിലും ജിദ്ദ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലും ശൈത്യം വേണ്ടത്ര കടുത്തിട്ടില്ല. 20നും 35നുമിടയിലായിരുന്നു ഇവിടങ്ങളിലെ ഉഷ്ണനില. റിയാദ് ഉള്‍പ്പെടുന്ന മധ്യ പ്രവിശ്യ, ഹാഇല്‍, അല്‍ജൗഫ് തുടങ്ങിയവ ഉള്‍പ്പെടുന്ന വടക്കന്‍ പ്രവിശ്യയിലും അറാര്‍, തബൂഖ്, ഖുറയാത്ത് എന്നീ പ്രദേശങ്ങളുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലും കഴിഞ്ഞ ബുധനാഴ്ച മുതലാണ് താപനില പൂജ്യത്തിനും താഴേക്കായി തുടങ്ങിയത്. ശനിയാഴ്ച മൈനസ് അഞ്ചിലേക്ക് താഴ്ന്ന അന്തരീക്ഷത്തില്‍ മധ്യപ്രവിശ്യയിലെ മരുഭൂജലാശയങ്ങള്‍ ഉറഞ്ഞു. റിയാദ് നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്ക് റൗദത്തുല്‍ അഖ്റഷിയ എന്ന ജലാശയം മഞ്ഞുറഞ്ഞ നിലയില്‍ കണ്ടതിന്‍െറ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. നീല ജലാശയം വെള്ള വസ്ത്രമണിഞ്ഞു എന്നാണ് അറബ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ വെണ്‍പട്ട് പുതച്ച് കിടക്കുന്ന ജലാശയത്തിന്‍െറ ദൃശ്യം ചേതോഹരമാണ്. 
ഇതിനോട് ചേര്‍ന്നുള്ള പച്ചപ്പും മഞ്ഞണിഞ്ഞു. ചെടികളില്‍ മഞ്ഞുപൊഴിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങളും കാഴ്ചക്ക് കുളിരേകുന്നു. മരംകോച്ചുന്ന തണുപ്പാണ് എവിടെയും. ശനിയാഴ്ച പുലര്‍ച്ചെ നാലിന് റൗദത്തുല്‍ അഖ്റഷിയുടെ ഭാഗത്ത് കൂടി സഞ്ചരിച്ച സ്വദേശി പൗരന്‍ തെര്‍മോ മീറ്ററില്‍ മൈനസ് അഞ്ച് രേഖപ്പെടുത്തിയതിന്‍െറ സ്ക്രീന്‍ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ കൊടിയ ശൈത്യം കാരണം അല്‍ജൗഫ് മേഖലയിലെ മുഴുവന്‍ സ്കൂളുകളുടെയും പ്രവൃത്തി സമയം മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് മാറ്റം. ആദ്യ സെഷന്‍ ക്ളാസുകള്‍ ആരംഭിക്കേണ്ട സമയം രാവിലെ 8.15ല്‍ നിന്ന് 8.30ലേക്കാണ് മാറ്റിയത്. ഞായറാഴ്ച വൈകീട്ട് മുതല്‍ പടിഞ്ഞാറ്, മധ്യ പ്രവിശ്യകളില്‍ ആകാശം മേഘാവൃതമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ സൗദി കാലാവസ്ഥ ഗവേഷകന്‍ അബ്ദുല്‍ അസീസ് മുബാറക് അല്‍തിബിത്തി അറിയിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക, താഇഫ്, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലും മദീന മേഖലയിലും മധ്യപ്രവിശ്യയില്‍ റിയാദ് കൂടാതെ ദവാദ്മി, അഫീഫ് എന്നിവിടങ്ങളിലും ഖസീം പ്രവിശ്യയിലുമാണ് ആകാശം മേഘം മൂടിയ അവസ്ഥയില്‍ കാണപ്പെടുക എന്ന് അദ്ദേഹം വ്യക്തമാക്കി. 
 

Tags:    
News Summary - roudhathul akhrashiya lake.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.