റിയാദ്: പ്രപഞ്ചസത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ബഹിരാകാശ മേള വിജ്ഞാന കുതുകികളെ ആകർഷിക്കുന്നു. ‘മനുഷ്യനും ബഹിരാകാശവും’ പ്രമേയത്തിൽ റിയാദ് കിങ് ഒയാസിസിൽ നടക്കുന്ന മേള ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും അതിെൻറ കണ്ടെത്തലുകളെക്കുറിച്ചും ആഴത്തിലുള്ള അറിവുകളാണ് പകർന്നുനൽകുന്നത്. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ധാരണയിൽ മാറ്റം വരുത്തിയ കണ്ടുപിടിത്തങ്ങളെ പ്രതിപാദിക്കുകയും ചെയ്യുന്നു.
ബഹിരാകാശ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ശാസ്ത്രവിദ്യാർഥികളെ പ്രേരിപ്പിക്കുന്നതാണ് ഇവയിൽ പലതും. വിജ്ഞാനവും വിനോദവും നിറഞ്ഞ തത്സമയ അനുഭവങ്ങളുടെ ഏഴു കേന്ദ്രങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ‘ചൊവ്വയിലെ നടത്തം’ പോലുള്ള വിനോദ വിദ്യാഭ്യാസ പരിപാടികൾ ഏറെ കൗതുകകരം കൂടിയാണ്.
യഥാർഥ ലോകത്ത് നിലയുറപ്പിച്ച് ഏഴു വ്യത്യസ്ത മേഖലകളിലൂടെ ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോധവത്കരണം നടത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് മേളയുടെ ഡയറക്ടർ ഹൈഫ അൽ ഇദ്‌രീസി പറഞ്ഞു. ഏഴു വ്യത്യസ്ത സോണുകളുടെ അനുഭവം സംവേദനാത്മകവും വിദ്യാഭ്യാസപരവുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പേടകം, സീറോ ഗ്രാവിറ്റി, സിമുലേറ്ററുകൾ വഴിയുള്ള ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട ചലനാത്മക പ്രദർശനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു.
നഗരവാസികളുടെയും സന്ദർശകരുടെയും ശാസ്ത്രീയവും സാംസ്കാരികവുമായ ജീവിതത്തെ സമ്പന്നമാക്കുന്നതിനൊപ്പം ശാസ്ത്രീയ അറിവും വിനോദവും ഇടകലർന്ന പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിയാദ് റോയൽ കമീഷൻ ലൈഫ്‌സ്‌റ്റൈൽ വിഭാഗത്തിന്റെ സൂപ്പർവൈസർ ഖാലിദ് അൽ ഹസാനി പറഞ്ഞു. രാജ്യത്തിന്റെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം, സൗദി സ്‌പേസ് കമീഷൻ, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കിങ് സൽമാൻ സയൻസ് ഒയാസിസ് എന്നിവയുമായി സഹകരിച്ച് റിയാദ് റോയൽ കമീഷനാണ് മേള സംഘടിപ്പിക്കുന്നത്. മേള ഫെബ്രുവരി 28 വരെ നീളും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. riyadhspacefair.com എന്ന സൈറ്റിൽനിന്ന് പ്രവേശന ടിക്കറ്റ് നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.