റിയാദ് സീസണി​െൻറ ഭാഗമായ ആറാമത് ജോയ് അവാർഡ്​ വിതരണ ചടങ്ങിൽനിന്ന്​

റിയാദ്​ സീസൺ; ആറാമത് ജോയ് അവാർഡുകൾ സമ്മാനിച്ചു

റിയാദ്​: റിയാദ് സീസണി​െൻറ ഭാഗമായി ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റിയും എംബിസി ചാനലും സംയുക്തമായി സംഘടിപ്പിച്ച ആറാമത് ജോയ് അവാർഡുകളുടെ സമർപ്പണ പരിപാടി റിയാദിൽ പ്രൗഢഗംഭീരമായി നടന്നു. ആഗോള വിനോദരംഗത്തെ പ്രമുഖരെയും കലാകാരന്മാരെയും ആദരിക്കുന്ന ഈ പുരസ്കാര ചടങ്ങ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്​ദുൽ മുഹ്സിൻ അൽ ശൈഖ്​ ഉദ്​ഘാടനം ചെയ്​തു.


ലോകമെമ്പാടുമുള്ള സിനിമാ, സംഗീത, കായിക താരങ്ങളും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും ഒത്തുചേർന്ന അവാർഡ്​ നിശ വർണാഭമായി. ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ അതിഥിയായി എത്തിയത്​ ശ്രദ്ധേയമായി. അറേബ്യൻ സിനിമ-സീരിയൽ ലോകത്തെയും കായികരംഗത്തെയും പ്രമുഖർ അവാർഡുകൾ ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലെ അവാർഡുകൾ: അബ്​ദുൽ മുഹ്സിൻ അൽ നിമർ (മികച്ച നടൻ, സീരിയൽ: അൽ മർസ), കരീസ് ബഷർ (മികച്ച നടി, സീരിയൽ: തഹ്ത് സാബിയ അർദ്), ഷുജൂൻ അൽ കുവൈത്തി (മികച്ച നടി, സിനിമ: ഉറസ്‌ അൽ നാർ), സിക്കോ സിക്കോ (മികച്ച സിനിമ), ഷാരൂ അൽ ആഷാ (മികച്ച സീരിയൽ-ഗൾഫ് വിഭാഗം), യാസീൻ ബോനോ (മികച്ച പുരുഷ കായികതാരം, മൊറോക്കൻ ഗോൾകീപ്പർ), ലൈല അൽ ഖഹ്താനി (മികച്ച വനിത കായികതാരം, ഫുട്ബാൾ).



ഇതിന്​ പുറമെ വിനോദ വ്യവസായത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു. ലൈഫ് ടൈം അച്ചീവ്‌മെൻറ്​ അവാർഡിന്​ ഈജിപ്ഷ്യൻ മുൻ സാംസ്കാരിക മന്ത്രിയും ആർട്ടിസ്​റ്റുമായ ഫാറൂഖ് ഹുസ്നി, ഹോളിവുഡ് താരം ഫോറസ്​റ്റ്​ വിറ്റേക്കർ എന്നിവരാണ്​ അർഹരായത്​. ഇവർക്ക്​ തുർക്കി അൽ ശൈഖ്​ പുരസ്കാരം സമ്മാനിച്ചു. പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ്​ പ്രശസ്ത ബ്രിട്ടീഷ് താരം മില്ലി ബോബി ബ്രൗണിനാണ്​. ഡയമണ്ട് ജോയ് അവാർഡ് സ്പോർട്സ് മീഡിയ രംഗത്തെ സംഭാവനകൾക്കായി ബീഇൻ (BeIN) മീഡിയ ഗ്രൂപ്പ് ചെയർമാൻ നാസർ അൽ ഖെലൈഫിക്ക്​ സമ്മാനിച്ചു. ഗായിക അസാലയെ ബോളിവുഡ്​ താരം ഷാരൂഖ് ഖാനും അമിന ഖലീലും ചേർന്ന് വേദിയിൽ ആദരിച്ചു.


അവാർഡ് നിശയെ വർണാഭമാക്കാൻ ആഗോള താരങ്ങളുടെ പ്രകടനങ്ങൾ അരങ്ങേറി. ആഗോള പോപ്പ് താരം കാറ്റി പെറിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ബ്രിട്ടീഷ് ഗായകൻ റോബി വില്യംസും സൗദി താരം അയേദും ചേർന്നവതരിപ്പിച്ച ഡ്യുയറ്റ് കാണികളെ ആവേശത്തിലാഴ്ത്തി. കൂടാതെ ഈജിപ്ഷ്യൻ ഗായിക അംഗാം, പിയാനിസ്​റ്റ്​ ജൂഡ് കോഫി എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി. അന്തരിച്ച കലാകാരന്മാരെ സ്മരിക്കുന്ന ‘ഇൻ മെമ്മോറിയം’ വിഭാഗത്തിൽ ഗായിക അബീർ നെഹ്‌മെ ആലപിച്ച ഗാനം ഏറെ ഹൃദയസ്പർശിയായിരുന്നു. സിറിയൻ നാടക ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ‘യാ ഷാം’ എന്ന കലാപ്രകടനത്തോടെയാണ് പരിപാടി സമാപിച്ചത്.


Tags:    
News Summary - Riyadh Season; Sixth Joy Awards presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.