റിയാദ്: മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക മേളകളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢ തുടക്കം. ‘റിയാദ് വായിക്കുന്നു’ തലക്കെട്ടിൽ പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും.
സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പുറമേ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തിലധികം പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. പ്രസാധകർക്ക് ബൗദ്ധിക, സാംസ്കാരിക വിനിമയത്തിനുള്ള ഒരു പ്രധാന വേദിയായിരിക്കും റിയാദ് അന്താരാഷ്ട്ര പുസ്തകമേള.
പ്രദർശനത്തിലെ ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യം ഉസ്ബകിസ്താനാണ്. വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഉസ്ബക് സാംസ്കാരിക പ്രതിഭകൾ, സർഗാത്മക വ്യക്തികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഉസ്ബക് കൈയെഴുത്തു പ്രതികളും പ്രസിദ്ധീകരണങ്ങളും പ്രദർശിപ്പിക്കുന്ന പവിലിയനുകൾ മേളയിലുണ്ടായിരിക്കും.
പ്രാദേശികമായും ആഗോളമായും സൗദിയുടെ സാംസ്കാരിക പദവി വർധിപ്പിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ദർശനം, നിർദേശങ്ങൾ, പ്രതിബദ്ധത എന്നിവ വിവർത്തനം ചെയ്യുന്ന ഒരു പദ്ധതിക്ക് അനുസൃതമായാണ് അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുല്ലത്തീഫ് അൽവാസിലി പറഞ്ഞു. സൗദിയുടെ സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുകയും സാംസ്കാരിക വ്യവസായത്തിലും വിജ്ഞാന കയറ്റുമതിയിലും അതിന്റെ നേതൃത്വം ഏകീകരിക്കുകയും ചെയ്യുന്ന ഈ പ്രദർശനം മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക-ബൗദ്ധിക പരിപാടിയാണെന്ന് അൽവാസിലി ചൂണ്ടിക്കാട്ടി.
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 200ലധികം പരിപാടികളുള്ള സാംസ്കാരിക പരിപാടിയിൽ വൈവിധ്യപൂർണമായ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അനുഭവം ആസ്വദിക്കാനാകും. വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ചചെയ്യുന്ന സെമിനാറുകൾ, സംവാദ സെഷനുകൾ, പ്രഭാഷണങ്ങൾ, കവിത സായാഹ്നങ്ങൾ, ശിൽപശാലകൾ എന്നിവ മേളയിൽ ഉൾപ്പെടുന്നുണ്ട്.
ജനറൽ അതോറിറ്റി ഫോർ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സിന്റെ പങ്കാളിത്തം ഉണ്ടാകും. നാടക പ്രകടനങ്ങൾ, ഉസ്ബക് ട്രൂപ്പുമായുള്ള സംയുക്ത പ്രകടനം, പ്രാദേശിക പ്രകടന കലകളുടെ ദൈനംദിന പ്രകടനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്നും അൽവാസിലി പറഞ്ഞു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി 12 വരെയാണ് പ്രദർശനം. വെള്ളിയാഴ്ച ഉച്ച രണ്ട് മുതൽ രാത്രി 12 വരെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.