റിയാദിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഏർപ്പെടുത്തിയ ജോ ജോഷി എൻഡോവ്മെന്റ് അവാർഡ് സാമിയ സാജിത ഷഫീറിന് മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക്
സമ്മാനിക്കുന്നു
റിയാദ്: റിയാദിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഏർപ്പെടുത്തിയ ജോ ജോഷി എൻഡോവ്മെന്റ് അവാർഡിന് റിയാദിലെ മോഡേൺ മിഡിലീസ്റ്റ് സ്കൂളിലെ സാമിയ സാജിത ഷഫീർ അർഹയായി.സി.ബി.എസ്.ഇ 10ാം തരം ബോർഡ് എക്സാമിൽ റിയാദ് മേഖലയിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥിക്കുള്ള അവാർഡാണ് ഇത്. റിയാദിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ബത്ഹയിൽ ഒരുക്കിയ ചടങ്ങിൽ സാമിയക്ക് സമ്മാനിച്ചു. ബത്ഹയിലെ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ ഗൾഫ് മാധ്യമം സൗദി ബ്യൂറോ ചീഫും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്ക് പ്രശംസ ഫലകം കൈമാറി.
പ്രവാസ ലോകത്തെയും കേരളത്തിലെയും വിദ്യാഭ്യാസ നിലവാരത്തിലുള്ള അഭൂതപൂർവമായ വളർച്ച ആദ്യകാല പ്രവാസികൾ വിദ്യാഭ്യാസത്തിന് നൽകിയ വലിയ പ്രാധാന്യം കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിമ പ്രസിഡന്റ് ഡോ. ഹാഷിം അധ്യക്ഷതവഹിച്ചു. ഡോ. സുരേഷ് മംഗലത്ത് ചെക്കും ഡോ. ടി.പി. ഹാഷിം സർട്ടിഫിക്കറ്റും സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ സാമിയ സാജിത സഫീർ ഇതിനായി തന്നെ പ്രാപ്തയാക്കിയ മാതാപിതാക്കളോടും അധ്യാപകരോടും നന്ദി പറഞ്ഞു. പ്രത്യേക ക്ഷണിതാവായ നൗഫൽ പാലക്കാടൻ ഐ.എം.എ പ്രവാസലോകത്തിന് കോവിഡ് കാലത്ത് നൽകിയ സേവനങ്ങൾ അനുസ്മരിച്ചു. ഡോ. തോമസ് കൂട്ടുങ്കൽ നന്ദി പറഞ്ഞു. സെക്രട്ടറി ജോസ് ആന്റോ അക്കര പരിപാടികൾ നിയന്ത്രിച്ചു. റിയാദിലെ പ്രമുഖ ഡോക്ടർമാർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.