ഹംസയുടെ കുടുംബത്തിനുള്ള ‘റിവ’യുടെ ധനസഹായം സെക്രട്ടറി ഹനീഫ പൂവത്തിപൊയിൽ വെൽഫെയർ കൺവീനർ ലത്തീഫ് ബാബുവിന് കൈമാറുന്നു
റിയാദ്: വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് റിയാദിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ 'റിവ' ധനസഹായം നൽകി. വഴിക്കടവ് കാരാക്കോട് സ്വദേശിയും 10 വർഷമായി റിയാദിലെ അൽഹയറിൽ വർക്ഷോപ് ജീവനക്കാരനുമായിരുന്ന കുരുകുത്തി ഹംസയുടെ കുടുംബത്തിനാണ് സഹായം നൽകിയത്. കഴിഞ്ഞ ഡിസംബറിൽ അവധിക്ക് നാട്ടിൽ പോയപ്പോഴാണ് വാഹനാപകടത്തിൽ മരിച്ചത്. കോവിഡ് കാരണം സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ നാട്ടിൽ തന്നെ തങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഭാര്യയും മക്കളും അടങ്ങുന്ന അദ്ദേഹത്തിെൻറ നിർധനരായ കുടുംബത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ അടങ്ങുന്ന സാമ്പത്തിക സഹായം നൽകി. ഭാര്യ ഖദീജയും മക്കളായ ഹിബ ഷെറിൻ, ഹാറൂൺ ഷാ എന്നിവരുമടങ്ങുന്നതാണ് ഹംസയുടെ കുടുംബം. പരേതനായ മുഹമ്മദ്, ഫാത്വിമ ദമ്പതികളുടെ മകനാണ്. റിയാദിൽ നടന്ന അനുശോചന യോഗത്തിൽ റിവയുടെ സാമ്പത്തിക സഹായം ഹംസയുടെ കുടുംബത്തിന് എത്തിക്കുന്നതിന് ജനറൽ സെക്രട്ടറി ഹനീഫ പൂവത്തിപൊയിൽ വെൽഫെയർ വിഭാഗം ജനറൽ കൺവീനർ ലത്തീഫ് ബാബുവിന് കൈമാറി. പ്രസിഡൻറ് സൈനുൽ ആബിദ് തോരപ്പ അധ്യക്ഷത വഹിച്ചു. വാപ്പു പുതിയറ, അൻസാർ ചരലൻ, നാസർ എടക്കണ്ടി, റഷീദ് തമ്പലക്കോടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.