രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’യുടെ മൂന്നാമത് എഡിഷൻ ‘നോട്ടെക് 3.0’ എന്ന പേരിൽ നവംബർ 14ന് വെള്ളിയാഴ്ച ജിദ്ദ അൽ മവാരിദ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക, പഠനവിധേയമാക്കുക, നവ സങ്കേതങ്ങളെ പരിചയപ്പെടുത്തുക എന്നിവയാണ് 2018-ൽ ആരംഭിച്ച സാങ്കേതികോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ശാസ്ത്ര, സാങ്കേതിക വിദ്യക്ക് ഊന്നൽ നൽകുന്ന അവതരണങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയിലൂടെ സമൂഹത്തിൽ വിജ്ഞാന വിപ്ലവം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യവും നോട്ടെക്കിനുണ്ട്.
തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് സമൂഹ പുനർനിർമാണത്തിന് മൂല്യാധിഷ്ഠിതമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സാങ്കേതിക വിദഗ്ധരെ പ്രേരിപ്പിക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളിൽപെടുന്നു. നോട്ടെക് പൾസ് എന്ന പേരിൽ രാജ്യത്തെ മുഴുവൻ പ്രവാസി ഇന്ത്യക്കാരിലേക്കും സന്ദേശം എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ടെക്നോളജി, സയൻസ്, ഹെൽത്ത് എന്നീ വിഷയങ്ങളിൽ പവലിയനുകൾ ഒരുക്കും.ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഓഗ്മെന്റഡ്, വിർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, ഫ്യൂച്ചർ മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ പുത്തൻ മാറ്റങ്ങൾ സന്ദർശകർക്ക് നേരിട്ട് അനുഭവിക്കാൻ കഴിയുന്ന രീതിയിൽ ടെക് എക്സിബിഷൻ അവതരിപ്പിക്കും.
യുവ ഗവേഷകർക്ക് പുതിയ കണ്ടുപിടുത്തങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കാൻ നോട്ടെക് അവസരം നൽകും. വിദ്യാർഥികൾക്ക് സയൻസ് മേളയിൽ വർക്കിങ് മോഡലുകൾ തയാറാക്കി അവതരിപ്പിക്കാനും, ബിസിനസ് സംരംഭകർക്ക് പുതിയ പ്രോജക്റ്റുകൾ പരിചയപ്പെടുത്താനും ലോഞ്ച് ചെയ്യാനും നോട്ടെക്കിൽ പ്രത്യേക അവസരങ്ങൾ ഒരുക്കും. കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവരുടെ സ്ഥാപനത്തിന്റെ പേര് കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യാം.
എക്‌സ്‌പോയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വിവിധ ഇനങ്ങളിൽ പ്രത്യേകം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസ് തൊട്ടുള്ള വിദ്യാർഥികൾ മുതൽ 35 വയസ്സ് വരെയുള്ള യുവജനങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും മത്സരങ്ങൾ. എക്സിബിഷൻ കാണാനെത്തുന്നവർക്ക് വേണ്ടി ക്വിസ് മത്സരവും ഉണ്ടാവും. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
https://knowtechexpo.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ +966 534103919 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. വൈജ്ഞാനിക സാങ്കേതിക വിദ്യകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രവാസികളായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പ്രൊഫസർമാർ, സ്വന്തമായി പേറ്റന്റ് നേടിയവർ, നവസംരംഭകർ എന്നിവരിൽ നിന്ന് തെരെഞ്ഞെടുക്കുന്നവർക്ക് ‘നോട്ടെക് എക്സലൻസി അവാർഡും’ ഇതോടനുബന്ധിച്ച് നൽകുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
മൻസൂർ ചുണ്ടമ്പറ്റ (ഗ്ലോബൽ സെക്രട്ടറി), ഫസീൻ കോഴിക്കോട് (ഗ്ലോബൽ സെക്രട്ടറി), റിയാസ് മടത്തറ (സൗദി വെസ്റ്റ് നാഷനൽ സെക്രട്ടറി), റഷീദ് പന്തല്ലൂർ, സുജീർ പുത്തൻപള്ളി, ഖലീലുറഹ്മാൻ കൊളപ്പുറം (നോട്ടെക് ജിദ്ദ ഡ്രൈവ് ടീം) എന്നിവർ ജിദ്ദയിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.