റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) സാന്ത്വനം ജീവകാരുണ്യ
പരിപാടിയിലേക്കുള്ള സംഭാവന ക്യാമ്പിന്റെ പ്രതിനിധി റഊഫ് ഏലാചോലയിൽനിന്ന് റിമാൽ ഭാരവാഹികൾ സ്വീകരിക്കുന്നു
റിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മയായ റിമാൽ സൊസൈറ്റി കഴിഞ്ഞ 18 വർഷമായി നടത്തുന്ന ‘റിമാൽ സാന്ത്വനം’ പരിപാടിയുടെ ഈ വർഷത്തെ ധനസഹായ വിതരണം പൂർത്തീകരിച്ചു. മാരക രോഗങ്ങൾകൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവര ശേഖരണം, കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം, അർഹിക്കുന്നവർക്ക് സാമ്പത്തികസഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനങ്ങൾ.
മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന റിമാൽ പരിധിയിൽപ്പെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ ബാധിതർ, പക്ഷാഘാതം വന്ന് കിടപ്പിലായവർ എന്നീ ഗണത്തിലെ 350 രോഗികൾക്കാണ് ഇത്തവണ സഹായ വിതരണം നടത്തിയത്. പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽപ്പെട്ട പഞ്ചായത്തുകൾ.
ആവശ്യവും അർഹതയും അനുസരിച്ചു കുടുംബങ്ങൾക്ക് വേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. റിയാദിലെ സാധാരണക്കാരായ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയ കാംക്ഷികൾ തുടങ്ങിയവരുടെ സഹായം സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്കും റിമാൽ സഹായം നൽകിവരുന്നുണ്ട്.
കൂടാതെ റിയാദിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങിവന്നവർക്ക് തുടർചികിത്സക്കുള്ള സഹായം, രോഗ പ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു. കോട്ടപ്പടി സിറ്റി ഗോൾഡ് ബിൽഡിങ്ങിലുള്ള റിമാൽ ഡ്രസ് ബാങ്ക് വഴി സൗജന്യ വസ്ത്ര വിതരണവും സാന്ത്വന പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. വില കൂടിയ മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹായകമായ ‘റിമാൽ മെഡിസിൻ സപ്പോർട്ടും’ ഈ പദ്ധതിയുടെ ഭാഗമാണ്.
റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴിൽ, നിയമ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് റിമാൽ. കൂടുതൽ വിവരങ്ങൾക്ക് അമീർ കൊന്നോല (7001916730), റഷീദ് കോൽമണ്ണ (7902214970) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.