റിഫ’ ഫാമിലി ഫെസ്റ്റിൽ ഡോ. ഹാഷിമിനെ പ്രശംസഫലകം നൽകി ആദരിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ (റിഫ) രജിസ്റ്റർ ചെയ്ത എല്ലാ ടീമുകളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി ‘റിഫ ഫാമിലി ഫെസ്റ്റ്’ നടത്തി. റിയാദ് എക്സിറ്റ്’18ലെ വലീദ് ഇസ്തിറാഹയിൽ ഉച്ചഭക്ഷണത്തോടെയാണ് ഫെസ്റ്റിന് തുടക്കമായത്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി വിവിധതരം മത്സരങ്ങൾ നടന്നു. നിയാസ്, മുസ്തഫ കണ്ണൂർ, നൗഷാദ് ചക്കാല എന്നിവർ രജിസ്ട്രേഷൻ നിയന്ത്രിച്ചു. ഫെസ്റ്റിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്.
വൈകീട്ട് നടന്ന ചടങ്ങിൽ റിയാദിൽ ഓർത്തോ ചികിത്സ രംഗത്ത് 10 വർഷം പൂർത്തിയാക്കിയ ഡോ. ഹാഷിമിനെ റിഫ സെക്രട്ടേറിയറ്റ് അംഗങ്ങളും അഡ്വൈസറി മെംബർ അബ്ദുല്ല വല്ലാഞ്ചിറയും ചേർന്ന് പ്രശംസഫലകം നൽകി ആദരിച്ചു. ശേഷം വിവിധ ടീമുകളുടെ കലാപരിപാടികൾ അരങ്ങേറി. യൂത്ത് ഇന്ത്യ ടീം നടത്തിയ കോൽക്കളി, യു.എഫ്.സിയുടെ ഒപ്പന എന്നിവ പ്രത്യേകം കൈയടി നേടി. അൻസാർ, മൻസൂർ തിരൂർ, അഷ്റഫ് ബ്ലാസ്റ്റേഴ്സ്, ഷറഫു ചെറുവാടി, ആദിൽ, ഉമർ മലപ്പുറം, ശൗലിക്, ബാവ ഇരുമ്പുഴി, ശരത് പട്ടാമ്പി, മജീദ് ബക്സർ, ചെറിയാപ്പു മേൽമുറി, ഷബീർ എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു.
സാംസ്കാരിക പരിപാടിയിൽ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഫെസ്റ്റ് കോഓഡിനേറ്റർ ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു. കരീം പയ്യനാട്, ഹസൻ പുന്നയൂർ, നാസർ മാവൂർ, ബഷീർ കാരന്തൂർ, മുസ്തഫ കവ്വായി എന്നിവർ സംസാരിച്ചു. സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ ജംഷി മമ്പാട് ഒന്നാം സമ്മാനത്തിന് അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.