ജിദ്ദ: വിഷൻ 2030ന്റെ ഭാഗമായി നിർണ്ണായകമായ ഭരണപരിഷ്കാരങ്ങൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ ഏജൻസികളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കുന്ന ഈ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് വലിയ ഊർജ്ജം നൽകുമെന്നും ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 'വൈറ്റ് ലാൻഡ്' ഫീസ് ജനുവരി ഒന്ന് വ്യാഴാഴ്ച മുതൽ റിയാദിൽ നടപ്പിലാക്കി തുടങ്ങും. 5,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വികസിപ്പിക്കാത്ത ഭൂമിക്കാണ് ഫീസ് ഏർപ്പെടുത്തുന്നത്. ഭൂമിയുടെ കിടപ്പനുസരിച്ച് വിപണി വിലയുടെ 2.5 മുതൽ 10 ശതമാനം വരെയാണ് നികുതി ഈടാക്കുക.
ഭൂമി വെറുതെ ഇട്ടു കുത്തകയാക്കി വെക്കുന്നത് തടയാനും, വിപണിയിൽ ഭൂമിയുടെ ലഭ്യത വർധിപ്പിച്ച് വീടുകളുടെ വില നിയന്ത്രിക്കാനും ഈ നീക്കം സഹായിക്കും. കൂടാതെ, നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്ക് വാണിജ്യ, വ്യവസായ, കാർഷിക ഭൂമികൾ സ്വന്തമാക്കാനുള്ള പുതിയ നിയമവും ജനുവരി മുതൽ നിലവിൽ വരും. എന്നാൽ മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിൽ വിദേശികൾക്ക് താമസസ്ഥലം സ്വന്തമാക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലും കർശനമായ മാറ്റങ്ങളാണ് 2026 ജനുവരി മുതൽ വരുന്നത്. കൃത്യമായ നാഷണൽ അഡ്രസ് ഇല്ലാത്ത ഒരു പാഴ്സലും സ്വീകരിക്കാനോ വിതരണം ചെയ്യാനോ ഡെലിവറി കമ്പനികൾക്ക് അനുവാദമുണ്ടാകില്ല.
ഉപഭോക്താക്കൾക്ക് തങ്ങളുടെ നാഷണൽ അഡ്രസ് അബ്ഷീർ, തവക്കൽന തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇത് പാഴ്സൽ വിതരണം കൂടുതൽ വേഗത്തിലാക്കാനും ഇ-കൊമേഴ്സ് രംഗത്തെ സേവനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
അതോടൊപ്പം തന്നെ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയുള്ള പുതിയ നികുതി നയവും ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ആരോഗ്യപ്രദമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.