സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ കാണാൻ അബ്ദുൽ റഹീമും (വലത്)അനന്തുവും (ഇടത്) എത്തിയപ്പോൾ.സുഹൃത്ത് യൂസുഫ് പെരുന്തൽമണ്ണ സമീപം
റിയാദ്: ‘വിടപറച്ചിൽ അവസാനമല്ല, വിധിയുണ്ടെങ്കിൽ നമുക്ക് വീണ്ടും കാണാം...’ ജയിൽമോചിതനായി നാട്ടിലേക്ക് മടങ്ങുമ്പോൾ എറണാകുളം സ്വദേശി അനന്തു നിറഞ്ഞ കണ്ണുകളോടെ സിദ്ദീഖിനോടും കുടുംബത്തോടും പറഞ്ഞ ഈ വാക്കുകൾ ഒടുവിൽ യാഥാർഥ്യമായി. തടവറയുടെ ഇരുളിൽ നിന്നും സ്വാതന്ത്ര്യത്തിെൻറ വെളിച്ചത്തിലേക്ക് വഴിനടത്തിയ പ്രിയപ്പെട്ട സിദ്ദീഖിനെ കാണാൻ റഹീമും അനന്തുവും തുവ്വൂരിലെത്തി. റഹീമിെൻറ മോചനത്തിനായി സിദ്ദീഖ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അനന്തുവിെൻറ മോചനവിധി കൈയിലെത്തുന്നത്. അഞ്ച് വർഷത്തോളം ജയിൽവാസം അനുഭവിച്ച അനന്തുവിന് പ്രവാസലോകത്ത് പ്രത്യാശയും ആശ്വാസവും പകരാൻ സിദ്ദീഖ് എപ്പോഴും പറഞ്ഞിരുന്നത് 19 വർഷമായി സൗദിയിൽ തടവിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ കഥയായിരുന്നു.
ഒരേ ജയിലിലായിരുന്നെങ്കിലും ഒരുതവണ ചില്ലുവാതിലിലൂടെ ഒന്നു കണ്ടെതാഴിച്ചാൽ അതിന് മുമമ്പോ ശേഷമോ പരസ്പരം കണ്ടിരുന്നില്ല. സൗഹൃദക്കണ്ണികളിലൂടെ പരസ്പരം അറിയുകയും അവർക്കിടയിൽ ശക്തമായൊരു അദൃശ്യ സൗഹൃദം വളരുകയും ചെയ്തു. റഹീമിെൻറ മോചനത്തിനായി പ്രാർത്ഥനയോടെ കാത്തിരുന്ന അസംഖ്യം മലയാളികളിൽ ഒരാളായിരുന്നു അനന്തു. തിങ്കളാഴ്ച മലപ്പുറത്ത് വെച്ച് ഈ സൗഹൃദകഥക്ക് പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. എറണാകുളത്ത് നിന്ന് അനന്തുവും, കൊടമ്പുഴയിൽനിന്ന് അബ്ദുൽ റഹീമും ഒരേസമയം സിദ്ദീഖിനെ കാണാനായി മലപ്പുറം തുവ്വൂരിലെ വീട്ടിലെത്തി. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന സ്നേഹവും നന്ദിയും നേരിൽ പങ്കുവെച്ച ആ നിമിഷം അതീവ വികാരനിർഭരമായിരുന്നു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ പേര് ചോദിച്ചാൽ ഇരുവരും ഒരുപോലെ പറയുന്ന പേര് സിദ്ദീഖ് എന്നായിരിക്കും. നീണ്ട ജയിൽവാസത്തിന് ശേഷം തങ്ങൾക്ക് പുതിയൊരു ജീവിതം സമ്മാനിക്കാൻ ആത്മാർഥമായി പ്രവർത്തിച്ച മനുഷ്യരുടെ മുൻനിരയിലുണ്ടായിരുന്ന സിദ്ദീഖിനോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.
സൗദി ജയിലിൽ കഴിയുന്നതിനിടെ സ്വന്തം അമ്മയുടെ വിയോഗവാർത്തയറിഞ്ഞ അനന്തുവിെൻറ നോവും, തടവുജീവിതത്തിലെ മാനസിക സംഘർഷങ്ങളും, മോചനവുമായി ബന്ധപ്പെട്ട പ്രതീക്ഷാനിർഭരമായ നിമിഷങ്ങളും ഇരുവരും സിദ്ദീഖിനൊപ്പം പങ്കുവെച്ചു. ഇതിനിടയിൽ സിദ്ദീഖിെൻറ മൊബൈൽ ഫോണിലേക്ക് സൗദി അറേബ്യയിൽ നിന്നും ഒരു വിഡിയോ കാൾ എത്തിയത്. ഇരുവർക്കും നിയമസഹായം നൽകി മോചനയാത്രയിൽ നിർണായക പങ്കുവഹിച്ച സൗദി പൗരൻ ഒസാമ അൽ അമ്പർ ആയിരുന്നു സ്ക്രീനിൽ. സലാം പറഞ്ഞു തുടങ്ങിയ സംഭാഷണം പെട്ടെന്ന് തന്നെ വികാരനിർഭരമായി മാറി.
നിറഞ്ഞ കണ്ണുകളോടെ റഹീമും അനന്തുവും ഒസാമയോട് നന്ദി അറിയിച്ചു. ‘വൈകാതെ ഞാൻ നിങ്ങളുടെ നാട്ടിലെത്തും, അപ്പോൾ നമുക്ക് ഇതുപോലെ ഒന്നിച്ചിരിക്കണം’ എന്ന ഉറപ്പോടെയാണ് ഒസാമ കോൾ അവസാനിപ്പിച്ചത്. തടവറയുടെ ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എത്തിയ രണ്ട് മനുഷ്യരുടെ കഥ മാത്രമല്ല ഈ ഒത്തുചേരൽ. പ്രതീക്ഷ കൈവിടാതിരുന്ന മനസ്സുകളുടെയും, മനുഷ്യസ്നേഹത്തിെൻറയും, വിധി വീണ്ടും കൂട്ടിയിണക്കിയ ഹൃദയബന്ധങ്ങളുടെയും നേർക്കാഴ്ചയാണിത്. ഒരിക്കൽ വിടപറയുമ്പോൾ പറഞ്ഞ വാക്ക് യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് ഈ മൂവർസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.