മൂന്നുപതിറ്റാണ്ടിന്‍റെ പ്രവാസത്തോട്​ വിടപറഞ്ഞ് നിസാര്‍ ഇരിട്ടി

ജിദ്ദ: പലവ്യഞ്ജനക്കടയിലെ (ബഖാല) ഡെലിവറി ബോയിയില്‍നിന്ന് ബഹുരാഷ്ട്ര കമ്പനിയിലെ റിസ്ക് ഓഫിസര്‍ പദവിയോളം ഉയര്‍ന്നതിന്‍റെ കരിയര്‍ ചരിത്രവുമായി പ്രവാസി മോട്ടിവേറ്ററും പ്രഭാഷകനും സംഘാടകനുമായ നിസാര്‍ ഇരിട്ടി പ്രവാസത്തോട് വിടപറയുന്നു. ഉപജീവനമാർഗം തേടി 27 വര്‍ഷം മുമ്പ് ദമ്മാമിലെത്തിയ നിസാര്‍ ബഖാലയിലെ ഡെലിവറി ബോയിയായിട്ടായിരുന്നു ജോലിയിൽ തുടക്കം. നിരന്തര പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കമ്പനി സെക്രട്ടറി, ജൂനിയര്‍ അക്കൗണ്ടന്‍റ്, സീനിയര്‍ അക്കൗണ്ടന്‍റ്, ഓഫിസ് മാനേജര്‍ തുടങ്ങിയ തസ്തികകളിലൂടെ ഉയർന്ന് ഇപ്പോള്‍ ബിന്‍ മഹ്ഫൂസ് കമ്പനിയിലെ റിസ്ക് ഓഫിസര്‍ പദവിയിലിരിക്കെയാണ് വിരമിക്കുന്നത്. ഇതിനിടയില്‍ സാമൂഹികപ്രവർത്തനത്തിനും സമയം കണ്ടെത്തി സജീവമായി. നിരവധി പ്രവാസി കൂട്ടായ്മകളുടെ നേതൃപദവി വഹിച്ചു. പ്രവാസി സാംസ്കാരികവേദി വെസ്റ്റേൺ പ്രോവിന്‍സ് വൈസ് പ്രസിഡന്‍റ്, തനിമ സാംസ്കാരികവേദി എക്സിക്യൂട്ടിവ് അംഗം, മലര്‍വാടി റിസോഴ്സ് ടീം അംഗം, സെന്‍റർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ തുടങ്ങിയ സംഘടനകളില്‍ നേതൃപരവും അല്ലാത്തതുമായ പങ്കുവഹിച്ചിട്ടുണ്ട്.

കോവിഡ്കാലത്തെ വിശിഷ്ട സേവനത്തിനുള്ള മീഡിയവണ്‍ ബ്രൈവ് ഹാര്‍ട്ട് അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 30ലേറെ സര്‍ട്ടിഫൈഡ് ട്രെയിനിങ്ങുകളില്‍ പങ്കെടുത്തത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് പ്രചോദനമായതായി നിസാര്‍ ഇരിട്ടി പറഞ്ഞു. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതോടൊപ്പം സൗദി അറേബ്യയിലും നിരവധി ടൂര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി. മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് യാത്രസംഘങ്ങളെ കൊണ്ടുപോയി അവിടത്തെ ചരിത്രസ്ഥലങ്ങളെക്കുറിച്ച് ദൃക്സാക്ഷി വൈഭവത്തോടെ വിവരിച്ചത് സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. കൂടാതെ സംഘടനപരവും വൈജ്ഞാനികവുമായ നിരവധി മോട്ടിവേഷന്‍ ക്ലാസുകള്‍ കേരളത്തിലും വിദേശത്തുമായി നടത്തി. സ്വദേശത്ത് തിരിച്ചെത്തിയാലും ഉപജീവനത്തിന് ഏതെങ്കിലും മേഖലയില്‍ ഏര്‍പ്പെടുന്നതോടൊപ്പം പ്രവാസലോകത്ത് ചെയ്തുവന്ന സാംസ്കാരിക പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഉദേശിക്കുന്നതെന്ന് നിസാര്‍ ഇരിട്ടി പറഞ്ഞു. സൗദി അറേബ്യയില്‍ നിരവധി സൗഹൃദവ്യക്തിത്വത്തിന്‍റെ ഉടമയായ നിസാറുമായി 0502315283 മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.