'ജിദ്ദ ഡൈനാമിക് ഇന്ററാക്ടീവ്' നൽകിയ സ്വീകരണ പരിപാടിയിൽ സഫർ സരേഷ് വാല സംസാരിക്കുന്നു
ജിദ്ദ: പ്രശസ്ത ഇന്ത്യൻ സംരംഭകനും മൗലാന ആസാദ് സർവകലാശാലയുടെ മുൻ ചാൻസലറുമായ സഫർ സരേഷ് വാലക്ക് ജിദ്ദയിൽ സ്വീകരണം നൽകി.
‘ജിദ്ദ ഡൈനാമിക് ഇന്ററാക്ടീവി’ ന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിലെ റിഹാബ് വാക്ക് വേയിലെ സെൻയാർ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ബിസിനസ് മേഖലയിലുള്ള വിവിധ വ്യക്തികളുമായി അദ്ദേഹം സംവദിച്ചു.ഹജ്ജ് നിർവഹിക്കാനെത്തിയ അദ്ദേഹം ഹ്രസ്വസന്ദർശനത്തിന് ജിദ്ദയിലെത്തിയതായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ഭാവി, സാമ്പത്തിക അവസരങ്ങൾ, ആഗോള നേതൃത്വം എന്നീ വിഷയങ്ങളിൽ ഊന്നി ജിദ്ദയിലെ വിവിധ വ്യക്തികളുമായി അദ്ദേഹം ആശയ സംവാദം നടത്തി.
സമൂഹത്തിന്റെ ബഹുമുഖമായ അഭിവൃദ്ധിക്ക് സാമ്പത്തികമായ പുരോഗതി അനിവാര്യമാണെന്നും ഇന്ത്യയുടെ വിവിധ സാമ്പത്തിക മേഖലയിലും ഓഹരി വിപണികളിലും ധാരാളം അവസരങ്ങൾ വിവിധ സംരംഭങ്ങൾക്ക് ഉണ്ടെന്നും അതെല്ലാം ഉപയോഗപ്പെടുത്താൻ നാം തയാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ഏറെ പ്രശംസനീയമാണെന്നും ഇന്ത്യയുമായി സൗദിക്കുള്ള ശക്തമായ നയതന്ത്ര ബന്ധം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. പ്രിൻസ് സിയ (പ്രസിഡന്റ് ‘സൈൻ’), സാദ് അൻവർ (സി.ഇ.ഒ, ഡൈനാമിക് ഇൻട്രാക്ടീവ്), പ്രദീപ് ശർമ, വിജയ് സോണി, ഖമർ സാദ, പ്രഫ. അനീസ് ഖാൻ, ഖാജ, ഗസൻഫർ സാക്കി, ഫിറോസ് മെഹ്ദി, അഡ്വ. മുനവ്വർ, മുഹമ്മദ് ഹാഷിം, സി.എച്ച്. ബഷീർ തുടങ്ങി ബിസിനസ് രംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.