യാംബു ടൗണിനടുത്തുള്ള ഹെറിറ്റേജ് നഗരിയിലെ ‘സൂഖുല്ലൈൽ’ സമുച്ചയത്തിെൻറ വിവിധ ദൃശ്യങ്ങൾ
യാംബു: അറബ് പുരാതന സംസ്കാരത്തിെൻറ പ്രതീകമായിരുന്ന 'സൂഖുല്ലൈൽ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാത്രി ചന്തകൾ പുതുതലമുറക്ക് പരിചയപ്പെടുത്താൻ സൗദി ടൂറിസം അതോറിറ്റി രംഗത്ത്. പൗരാണിക കാലത്തെ അറിവുകൾ പകരുന്ന യാംബു ടൗണിനടുത്തുള്ള ഹെറിറ്റേജ് പാർക്കിലെ ഒരു ഭാഗമാണ് പഴമയുടെ പെരുമ വിളിച്ചോതി സന്ദർശകരെ ആകർഷിക്കുന്നത്. കാലമേറെ കഴിയുന്തോറും ജീവിതശൈലികളിൽ മാറ്റങ്ങളുണ്ടായിട്ടും സമൂഹ മാധ്യമങ്ങൾ ജീവിതത്തിലെ രീതികൾക്ക് വഴിമാറിയപ്പോഴും പതിറ്റാണ്ടുകൾ പഴക്കമുള്ള അറബ് ഗ്രാമീണ ചന്തകൾ ഇന്നും സ്നേഹത്തിെൻറയും സൗഹാർദത്തിെൻറയും പര്യായമായി മാറുകയാണ്.
ഒരുകാലത്ത് പൂഴിപ്പരപ്പുകൾ മാത്രം കണ്ടിരുന്ന വഴിയോരങ്ങളിൽ ഇന്ന് നിരവധി കച്ചവട കേന്ദ്രങ്ങൾ ഉയർെന്നങ്കിലും പ്രദേശത്തെ പൗരാണിക ഖ്യാതിക്ക് തെല്ലും പോറലേൽക്കാതെയുള്ള പുനരാവിഷ്കാരങ്ങളാണ് യാംബു ഹെറിറ്റേജ് നഗരിയിലെ ഓരോ നിർമിതികളും. പ്രായമേറിയ അറബ് പൗരന്മാർ പരമ്പരാഗത രീതിയിൽ ഇന്നും പഴമയുടെ ഓർമകൾ അയവിറക്കാൻ ഇവിടെ രാത്രി ഒത്തുകൂടുന്ന കാഴ്ച കാണാം. നാടിെൻറ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ച് നന്മകളാൽ സമൃദ്ധമാക്കുകയാണ് 'സൂഖുല്ലൈൽ' പുനഃസ്ഥാപിക്കുന്നതിലൂടെ ചെയ്യുന്നത്. അറബികളുടെ പഴയ ചന്തകളെയും അങ്ങാടികളെയും അവയുടെ രൂപപരിണാമങ്ങളെയും കുറിച്ച് വിസ്മയകരമായ അറിവാണ് ഇൗ നിശാചന്ത പകർന്നുതരുന്നത്.
കാർഷിക സംസ്കൃതിയിൽ ആഴത്തിൽ വേരൂന്നിയ അറബികളുടെ സ്വത്വരൂപവത്കരണത്തിലും അവരുടെ പൊതു ഇട സംസ്കാരത്തിലും രാത്രിചന്തകൾക്ക് പ്രധാന സ്ഥാനമാണുള്ളത്. ചെങ്കടൽ തീരത്തെ ഏറ്റവും പഴക്കമേറിയ രാത്രിചന്തകളിൽ ഒന്നായിരുന്നു യാംബുവിലേത്. പതിറ്റാണ്ടുകൾ പഴക്കമുള്ള യാംബു തുറമുഖത്തിനടുത്തുള്ള 'സൂഖുല്ലൈലി'നെ കുറിച്ച് അറബ് ചരിത്ര രേഖകളിൽ പരാമർശം കാണാം. ആഫ്രിക്കയിൽ നിന്നുള്ള നാവികരും വ്യാപാരികളും ചരക്കുകളുടെ കൈമാറ്റത്തിന് മുഖ്യമായി ആശ്രയിച്ചിരുന്ന താവളമായിരുന്നു ഇവിടെ. കടൽയാത്ര ആരംഭിക്കുന്നതിനു മുമ്പ് ആളുകൾ ഇവിടെ തമ്പടിക്കുകയും സൗഹാർദം സ്ഥാപിക്കുകയും ചെയ്തിരുന്ന പ്രദേശം പിന്നീട് 'സൂഖുല്ലൈൽ' എന്നപേരിൽ അറിയപ്പെടുകയായിരുന്നുവത്രെ.
ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ആളുകൾ ഉണക്കമത്സ്യം, ഈത്തപ്പഴം, സുഗന്ധ ദ്രവ്യങ്ങൾ, മത്സ്യബന്ധന സാമഗ്രികൾ തുടങ്ങി എല്ലാം വാങ്ങാൻ ഇവിടെയാണ് എത്തിയിരുന്നതെന്ന് അറബ് ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. അരനൂറ്റാണ്ടുകാലം മുമ്പ് പാടെ നിലച്ച ചന്തയുടെ ഓർമകൾ പുതുതലമുറക്ക് പകർന്നു നൽകാനുള്ള ശ്രമത്തിെൻറ ഭാഗമാണ് പുനരുജ്ജീവിപ്പിച്ചത്. സൗദിയുടെ പഴയ സംസ്കാരവും നാഗരികതയും ഉൾക്കൊള്ളുന്ന ഹെറിറ്റേജ് നഗരിയിലെ കാഴ്ചകൾ കാണാനെത്തുന്നവർക്ക് പഴമയുടെ രീതിയിൽ ആവിഷ്കരിച്ച് സ്വദേശികൾ നടത്തുന്ന പൈതൃക സാധനങ്ങളുടെയും മറ്റും കച്ചവട വിപണന സ്റ്റാളുകളും ഏറെ കൗതുകം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.