വിശുദ്ധ ഭൂമിയിലെ കൂടപ്പിറപ്പുകൾ

കിങ് ഖാലിദ് റോഡിലെ ടണൽ കടക്കുമ്പോഴേ പതിവ് തിരക്കൊഴിഞ്ഞ പാതയിലൂടെ ഹാജിമാർ മിനയെ ലക്ഷ്യമാക്കി 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' ചൊല്ലി നടന്നുനീങ്ങുന്നത് കാണാം. പൊള്ളുന്ന ചൂടിനെ അതിജയിക്കാൻ വഴിനീളെ കൃത്രിമ മഴ പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച കൗതുകമാണ്. സുരക്ഷ ഉദ്യോഗസ്ഥർപോലും വെള്ളവും പഴവും മറ്റും വിതരണം ചെയ്യുന്നു.

ഓരോ സുരക്ഷ ഉദ്യോഗസ്ഥനും അവരെ പിടിച്ചിരുത്തി മുത്തംനൽകുന്നു. ഒരഞ്ചു വയസ്സുകാരൻ തന്റെ രക്ഷിതാക്കൾക്കൊപ്പം ജംറയിലേക്ക് നടന്നുനീങ്ങുന്നു. അവരുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയും വാത്സല്യവും. ശാന്തമാണ് മിന താഴ്വര.

ഹജ്ജിനായ് പുണ്യഭൂമിയിൽ എത്തുക എന്നത് ജീവിതത്തിലെ വലിയ ഭാഗ്യവും അനുഗ്രഹവുമാണ്. അത്തരത്തിൽ ഒരു ഭാഗ്യമായിത്തന്നെ കരുതുന്ന ഒന്നാണ് വിവിധ രാജ്യങ്ങളിൽനിന്ന് വിഭിന്ന ഭാഷ-വേഷാദികളോടെ ഒരേ മന്ത്രം ചൊല്ലി ഇവിടെ എത്തുന്ന ഹാജിമാരെ സേവിക്കാൻ അവസരം ലഭിക്കുക എന്നതും.

ഇതും നാഥന്റെ കൽപനയിൽ ഒരു നിയോഗംതന്നെ. വിവിധ സംഘടനകളുടെ കീഴിൽ ആയിരക്കണക്കിന് വളന്റിയർമാരാണ് മക്കയിലും മുസ്ദലിഫയിലും മിനയിലും മറ്റുമായി അണിനിരന്നത്. 30 ലക്ഷവും അതിലധികവും എത്താറുള്ള പതിവ് മാറി ഇത്തവണ പത്തുലക്ഷം ഹാജിമാർ മാത്രമാണ് പരിശുദ്ധ ഹജ്ജിനായ് എത്തിയത്. അതുകൊണ്ടുതന്നെ സഹായം ആവശ്യമുള്ളവർക്ക് കൃത്യമായി അവരുടെ ആരോഗ്യ ക്ഷമതക്കനുസരിച്ച് ആവശ്യമുള്ള സമയമുപയോഗിച്ച് പരിചരിക്കാൻ സാധിച്ചു എന്നത് ഓരോ വളന്റിയർക്കും ആശ്വാസകരമാണ്.

കല്ലേറിന്റെ രണ്ടാം നാളിലാണ് മൂന്ന് സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘം അവരുടെ ടെന്റിലേക്കുള്ള വഴി അന്വേഷിച്ച് ഞങ്ങൾക്കരികിൽ എത്തുന്നത്. മിനയുടെ കൃത്യമായ രൂപരേഖ കൈയിൽ ഉള്ളതുകൊണ്ടും മുൻകാല പരിചയവും ഓരോ സേവനവും സമയബന്ധിതമായി ചെയ്യാൻ കഴിയുന്നു. മുൻ വർഷങ്ങളിലൊക്കെ ഒരോ വളന്റിയറും അതതിടങ്ങളിൽ നിലയുറപ്പിച്ച് വഴി പറഞ്ഞുകൊടുത്ത ശേഷം അപ്പുറത്തെത്തിയാൽ മറ്റ് വളന്റിയർമാരോട് അന്വേഷിച്ചാൽ മതിയെന്ന് പറഞ്ഞുവിടേണ്ടി വരും. അത്രക്ക് തിരക്കായിരിക്കും ഓരോ നിമിഷവും.

ഇത്തവണ വരുന്നവരെ നേരെ അവരവരുടെ ടെന്റുകളിൽ എത്തിച്ചു കൊടുക്കാൻ സാധിക്കുന്നു എന്നത് ആശ്വാസകരമാണ്. ഞാനും പാലക്കാട് സ്വദേശി നജ്മുദ്ദീനും അവരെയുംകൊണ്ട് ടെന്റ് ലക്ഷ്യമാക്കി നടന്നു. അതിൽ ഒരു സ്ത്രീ നടക്കാൻ അൽപം ബുദ്ധിമുട്ടുന്നുണ്ട്. വളരെ പതുക്കെയാണ് നടത്തം. മറ്റ് നാലുപേരും മുമ്പേ നജ്മുദ്ദീനൊപ്പം നടന്നുനീങ്ങുമ്പോൾ ഞാൻ ആ ഇത്തക്കൊപ്പം നടന്നു.

ഇടക്ക് പതിവ് കുശലാന്വേഷണം. എന്തെങ്കിലും ചോദിക്കാൻ കാത്തുനിന്നതുപോലെ അവർ സംസാരിച്ചു തുടങ്ങി. ചെർപ്പുളശ്ശേരിക്കാരായ അവർ സഹോദരനും ഭാര്യക്കുമൊപ്പമാണ് ഹജ്ജ് നിർവഹിക്കാൻ എത്തിയത്. സഹോദര സ്നേഹത്തിന്റെ പവിഴമൊഴികൾക്ക് നൂറുനാവിന്റെ മേനി. അസൂയ ഉളവാക്കുന്ന സാഹോദരബന്ധം എന്നെ മറ്റൊരു കഥയിലേക്ക് ഓർമകളെ കൊണ്ടുപോയി.

പരിശുദ്ധ ഹറമിൽ ഭർത്താവിന്റെ തണലിൽ ഇരിക്കുന്ന ഭാര്യയുടെ ചിത്രമെന്ന രീതിയിൽ ഏറെ പ്രചരിച്ച ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു. എന്നാൽ, താനും തന്റെ സഹോദരനുമാണതെന്നും ഫോട്ടോ എടുത്തയാൾ അത് തിരിച്ചറിയാതെ പോയതാണെന്നും പിന്നീട് അദ്ദേഹം അത് തിരുത്തിയതിൽ സന്തോഷമുണ്ടെന്നും ഫലസ്തീൻ സ്വദേശിയായ പെൺകുട്ടി പറഞ്ഞപ്പോൾ ലോകം ആ സഹോദരസ്നേഹം ഒന്നൂടെ നെഞ്ചിലേറ്റി. ആ കഥയെയും വെല്ലുന്നതാണീ സ്നേഹത്തണൽ.

അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കണ്ണീർക്കയത്തിൽനിന്ന് സ്രഷ്ടാവിന്റെ അനുഗ്രഹംകൊണ്ട് ജീവിത വിജയം തിരിച്ചുപിടിച്ച സഹോദരന്റെ അലിവാർന്ന കഥ വർത്തമാനകാലത്ത് കൊത്തിവെക്കപ്പെടേണ്ടതു തന്നെയാണ്.

ബാല്യത്തിലേ രക്ഷിതാക്കൾ നഷ്ടപ്പെടുകയും അതോടെ സമ്പന്നരായ അടുത്ത ബന്ധുക്കളിൽനിന്നുപോലും അവഗണന നേരിടുകയും ആരോടും പരാതി പറയാതെ ക്ഷമയോടെ പലവിധ തൊഴിൽചെയ്ത് സഹോദരിയെ ചേർത്തുപിടിച്ചുതന്നെ ജീവിതം മുന്നോട്ടുനയിച്ച ദൈവികബന്ധം.

ചെറിയ രീതിയിൽ പലചരക്ക് കടയും പിന്നീട് പതുക്കെ റിയൽ എസ്റ്റേറ്റ് ബിസിനസും തുടങ്ങിയത് സാമ്പത്തിക ഉന്നമനത്തിലേക്ക് നയിച്ചു. ദാരിദ്ര്യത്തിലെന്ന പോലെ അപ്പോഴും സഹോദരിയെയും കുടുംബത്തെയും കൈവിട്ടില്ല.

കുടുംബത്തിൽ ഏറെ കഷ്ടതയും പ്രയാസവും അനുഭവിക്കുന്ന സഹോദരിയെയും കുടുംബത്തെയും എപ്പോഴും സംരക്ഷിച്ച് താങ്ങായിനിന്നു. പലചരക്ക് കച്ചവടം ചെയ്തുകൊണ്ടിരിക്കെ ഭാര്യയെ ഉംറ നിർവഹിക്കാൻ കൊണ്ടുവരുമ്പോൾ പെങ്ങളെയും അന്ന് കൂടെ കൂട്ടിയിരുന്നു.

വർഷങ്ങൾക്കിപ്പുറം ഇന്ന് മറ്റൊരു ബിസിനസിൽ ജീവിതം മെച്ചപ്പെട്ടപ്പോൾ ഭാര്യയുമൊത്ത് ഹജ്ജ് ചെയ്യാൻ തീരുമാനിച്ചപ്പോഴും തന്റെ കൂടപ്പിറപ്പിനെയും മുമ്പെന്നപോലെ എല്ലാ ചെലവും വഹിച്ച് പുണ്യഭൂമിയിലേക്ക് കൈപിടിച്ചു.

ഭർത്താവിനോ മക്കൾക്കോ കാര്യമായ വരുമാനമൊന്നും ഇല്ല.

ഒരു മകൻ അവന്റെ ജീവിതവുമായി നടന്നകന്നു. മകളെ കെട്ടിച്ചയച്ചു. ഒരു മകൻ അവന്റെ കഴിവനുസരിച്ച് ചെയ്യുന്നുണ്ട്. അപ്പോഴും ഞാൻ വീഴാതിരിക്കാൻ ആങ്ങള ഒപ്പമുണ്ടെന്ന് പറയുമ്പോൾ ഇത്തയുടെ കണ്ഠമിടറി, കണ്ണുനിറഞ്ഞു.

ഒരു സഹോദരന്റെ കടമയാണതെങ്കിലും ആ സഹോദരി അത് തിരിച്ചറിയുകയും സ്നേഹം തിരിച്ചുനൽകുകയും ചെയ്യുന്നു എന്നത് എന്റെയും കണ്ണുനിറച്ചു.

വർത്തമാന കാലഘട്ടം സ്വന്തം കാര്യം നോക്കി സ്വസ്ഥമായി കഴിയാൻ വെമ്പൽകൊള്ളുന്ന പുതിയ തലമുറക്ക് അന്യമായിത്തുടങ്ങിയ ഇത്തരം സ്നേഹബന്ധങ്ങൾ മാതൃക തന്നെയാണ്. നാളെ ഇത്തരം മനുഷ്യർ ജീവിച്ചിരുന്നു എന്ന് പറയാനേ കഴിയൂ എന്ന് ഇന്നിന്റെ കാഴ്ചകളും അനുഭവങ്ങളും നമ്മളെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.

അവരുടെ ടെന്റിൽ എത്തിച്ച് യാത്രപറഞ്ഞ് പിരിഞ്ഞെങ്കിലും ആ സഹോദരങ്ങൾ വല്ലാതെ മനസ്സിനെ കീഴടക്കിയിരുന്നു. അതുകൊണ്ടുതന്നെ മിനയിൽനിന്ന് യാത്രപറഞ്ഞു പിരിയുന്നതിനുമുമ്പ് ഒരിക്കൽകൂടി അവരെക്കണ്ട് സലാം പറഞ്ഞു. അവരുടെ പ്രാർഥനകൾ ഞങ്ങൾക്കും ഇനിയുള്ള ജീവിതത്തിലെ തണലായ് എന്നും കൂടെയുണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം. അതാണ് ആശ്വാസവും. എല്ലാം കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോൾ ഒരു ഹജ്ജ് ചെയ്ത പ്രതീതി മനസ്സിനെ വലയം ചെയ്തു.

-റസാഖ് കിണാശ്ശേരി 

Tags:    
News Summary - Rebirths in the Holy Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.