ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ച സംഭവത്തിൽ സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ് ലോകം. വിവിധ അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക നേതാക്കളും വിവിധ അന്താരാഷ്ട്ര സംഘടനകളും സൗദിക്ക് പിന്തുണയുമായി രംഗത്തെത്തി. സമീപവർഷങ്ങളിൽ സൗദി അരാംകോയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രികരും സൗദി പൗരന്മാരായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും സൗദി ഊർജ്ജ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അപകടവിവരമറിഞ്ഞതു മുതൽ അറബ് ലോകത്തെ പ്രമുഖ നേതാക്കൾ സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, സൗദി സർക്കാർ, മരണപ്പെട്ടവരുടെ കുടുംബങ്ങൾ എന്നിവരെ അനുശോചനം അറിയിച്ചു. ദുഷ്കരമായ ഈ ഘട്ടത്തിൽ സൗദി അറേബ്യയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്റ്റ് വ്യക്തമാക്കി. സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്കും സൗദി ജനതയ്ക്കും സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഇസ്സ അനുശോചനം അറിയിക്കുകയും ചെയ്തു.
കുവൈത്ത് അമീർ ശൈഖ് മെഷാൽ അൽ അഹ്മദ് അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് എന്നിവർ സൽമാൻ രാജാവിന് പ്രത്യേക അനുശോചന സന്ദേശങ്ങൾ അയച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാ ജാബർ അൽ അഹ്മദ് അൽ സബാഹ്, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ വിളിച്ച് പ്രാർത്ഥനയും ആശ്വാസവും അറിയിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി എന്നിവരും സമാനമായ രീതിയിൽ സൗദിക്ക് പിന്തുണയറിയിച്ച് സന്ദേശങ്ങൾ കൈമാറി. ജോർഡാൻ രാജാവ് അബ്ദുള്ള രണ്ടാമൻ സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും നേരിട്ട് അനുശോചനം അറിയിച്ചു.
യു.എ.ഇ, ഒമാൻ, ജോർഡാൻ, സിറിയ, മൗറിറ്റാനിയ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളും ഔദ്യോഗിക പ്രസ്താവനകളിലൂടെ സൗദി അറേബ്യയോടുള്ള പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിറിയൻ അറബ് ന്യൂസ് ഏജൻസി ‘സന’ വഴി പുറത്തുവിട്ട പ്രസ്താവനയിൽ സിറിയൻ വിദേശകാര്യ മന്ത്രാലയം ദുരന്തത്തിലുള്ള തീവ്രമായ ദുഃഖം രേഖപ്പെടുത്തി.
ജീവഹാനിയിൽ അനുശോചനം അറിയിച്ച യു.എ.ഇ, ഒമാൻ, ജോർഡാൻ, മൗറിറ്റാനിയ, പലസ്തീൻ സർക്കാരുകൾ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും നേർന്നു. അപകടത്തെത്തുടർന്ന് മേഖലയിൽ നിന്ന് സൗദിക്ക് ലഭിക്കുന്ന വ്യാപകമായ പിന്തുണ രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെയാണ് അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.