റിയാദ്: 2026-െൻറ ആദ്യ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യയുടെ വിദേശവ്യാപാരത്തിൽ വൻ മുന്നേറ്റം. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട മാർച്ച് മാസത്തിലെ അന്താരാഷ്ട്ര വ്യാപാര ബുള്ളറ്റിൻ അനുസരിച്ച്, രാജ്യത്തിെൻറ വ്യാപാരമിച്ചം മുൻ പാദത്തെ അപേക്ഷിച്ച് 60 ശതമാനം വർധിച്ച് 9,050 കോടി സൗദി റിയാലിലെത്തി. 2025-െൻറ നാലാം പാദത്തിൽ ഇത് 56.5 ബില്യൺ റിയാലായിരുന്നു.
മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43.7 ശതമാനവും, ഫെബ്രുവരിയിലെ 19.1 ബില്യണിൽ നിന്ന് മാർച്ചിൽ മാത്രം 200.9 ശതമാനം (38 ബില്യണിലധികം റിയാൽ) പ്രതിമാസ വളർച്ചയും വ്യാപാരമിച്ചത്തിൽ രേഖപ്പെടുത്തി. വർഷത്തിെൻറ ആദ്യപാദത്തിൽ രാജ്യത്തിെൻറ ആകെ അന്താരാഷ്ട്ര വ്യാപാര അളവ് 535 ബില്യൺ റിയാൽ പിന്നിട്ടു; ഇത് മുൻവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം വാർഷിക വളർച്ചയാണ്. ഇക്കാലയളവിൽ മൊത്തം ചരക്ക് കയറ്റുമതി 312.8 ബില്യൺ റിയാലും, ഇറക്കുമതി 222.3 ബില്യൺ റിയാലുമായിരുന്നു. പെട്രോളിയം, നോൺ-പെട്രോളിയം ഉൾപ്പെടുന്ന ദേശീയ കയറ്റുമതി 274.5 ബില്യൺ റിയാലിലെത്തിയപ്പോൾ, പുനർ-കയറ്റുമതി (റീ-എക്സ്പോർട്ട്) 32.9 ശതമാനം വാർഷിക വളർച്ചയോടെ 38 ബില്യൺ റിയാൽ മറികടന്നു.
സൗദിയിൽ നിന്നുള്ള കയറ്റുമതിയിൽ 229.2 ബില്യൺ റിയാലുമായി ഏഷ്യൻ രാജ്യങ്ങളാണ് മുന്നിൽ. തൊട്ടുപിന്നിൽ യൂറോപ്യൻ രാജ്യങ്ങളും (47 ബില്യൺ റിയാൽ), ആഫ്രിക്കൻ രാജ്യങ്ങളും (22.5 ബില്യൺ റിയാൽ), അമേരിക്കയും (12.6 ബില്യൺ റിയാൽ) ഇടംപിടിച്ചു. രാജ്യങ്ങളുടെ പട്ടികയിൽ 44.8 ബില്യൺ റിയാലിെൻറ ഇറക്കുമതിയോടെ ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.
റീ-എക്സ്പോർട്ട് ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതി രാജ്യത്തെ 32 കസ്റ്റംസ് പോർട്ടുകൾ വഴിയാണ് കൈകാര്യം ചെയ്തത് (ആകെ മൂല്യം: 86.1 ബില്യൺ റിയാൽ). ഇതിൽ 17.5 ബില്യൺ റിയാലിെൻറ കയറ്റുമതിയുമായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തും, 12 ബില്യണിലധികം റിയാലുമായി ജിദ്ദ ഇസ്ലാമിക് പോർട്ട് രണ്ടാം സ്ഥാനത്തുമുണ്ട്. കയറ്റുമതിയിലുണ്ടായ സുസ്ഥിര വളർച്ചയും ആഗോളതലത്തിൽ വികസിച്ചുവരുന്ന വ്യാപാര ബന്ധങ്ങളുമാണ് ഈ മികച്ച പ്രകടനത്തിന് കാരണമായി അതോറിറ്റി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.