റിയാദ്: സൗദി അറേബ്യയിൽ ബാച്ചിലർമാർക്കും തൊഴിലാളികൾക്കുമുള്ള കൂട്ടായ പാർപ്പിട കേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അറിയിച്ചു. 2025 സെപ്റ്റംബർ മുതൽ ഇത്തരം താമസസൗകര്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയതിന് ശേഷം, നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിൽ പ്രകടമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
കൂട്ടായ താമസമേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും തൊഴിലാളികളുടെ പാർപ്പിടങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ലൈസൻസിനായുള്ള അപേക്ഷകളിൽ വലിയ വർദ്ധനവാണ് ദൃശ്യമാകുന്നത്. മന്ത്രാലയത്തിെൻറ ഔദ്യോഗിക പോർട്ടലായ ‘ബലദി’ പ്ലാറ്റ്‌ഫോം വഴി അനുവദിച്ച ഈ ലൈസൻസുകൾ പ്രകാരം ഏതാണ്ട് 10 ലക്ഷത്തോളം ഗുണഭോക്താക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ള താമസസൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
ആരോഗ്യപരവും സുരക്ഷിതവുമായ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന പാർപ്പിടങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും, സുരക്ഷിതമായ താമസസാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിപുലീകരണം ശക്തമായ ഒരു ചാലകശക്തിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ തീരുമാനത്തിെൻറ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും ‘ബലദി’ പ്ലാറ്റ്‌ഫോം വഴി ലൈസൻസ് നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത നിബന്ധനകൾക്കനുസൃതമായി തങ്ങളുടെ പദവികൾ നിയമവിധേയമാക്കുന്നത് ഈ മേഖലയുടെ സുസ്ഥിരത വർദ്ധിപ്പിക്കുമെന്നും, വ്യക്തിഗത കൂട്ടായ താമസ പരിസ്ഥിതിയുടെ ഗുണനിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.